പി.വി അൻവർ 50 ലക്ഷം തട്ടിയെടുത്തെന്ന കേസിന് സിവിൽ സ്വഭാവമെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട്
മലപ്പുറം: പി.വി അൻവർ എം.എൽ.എ ക്കെതിരായ 50 ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസിന് സിവിൽ സ്വഭാവമെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട്. എം.എൽ.എ പ്രഥമദൃഷ്ട്യാ വഞ്ചനനടത്തിയെന്ന മുൻ റിപ്പോർട്ടിന് വിരുദ്ധമാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ട്. കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി അൻവർ എം.എൽ.എ പ്രവാസി എൻജിനീയറുടെ 50 ലക്ഷം തട്ടിയെടുത്തെന്ന കേസിലാണ് ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്. പി പി വിക്രമനാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ റിപ്പോർട്ട് നൽകിയത്.
പി.വി അൻവർ എം.എൽ.എ പ്രഥമദൃഷ്ട്യാ വഞ്ചനനടത്തിയതായി നേരത്തെ ഇടക്കാല അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. വിശദമായ വാദം കേൾക്കാതെ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരൻ നടുത്തൊടി സലീമിന്റെ അഭിഭാഷകൻ വാദിച്ചു . തുടർന്ന് കേസ് പരിഗണിക്കുന്നതിനായി ജനുവരി അഞ്ചിലേക്കു മാറ്റി. സിവിൽ സ്വഭാവമുള്ളതാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത് കേസ് അട്ടിമറിക്കാനാണെന്നാണ് സലീമിന്റെ അഭിഭാഷകൻ വാദം ഉയർത്തിയത്. മറ്റൊരാളുടെ വസ്തുകാണിച്ച് വഞ്ചന നടത്തി പണം തട്ടിയെടുത്ത എം.എൽ.എയെ അറസ്റ്റിൽ നിന്നൊഴിവാക്കി രക്ഷിക്കാനുള്ള ഒത്തുകളിയാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ടെന്നും കോടതി റിപ്പോർട്ട് അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്നും പരാതിക്കാരനായ നടുത്തൊടി സലീം പറഞ്ഞു. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ മേൽനോട്ടത്തിലാണ് കേസിന്റെ അന്വേഷണം.