കെ റെയിലിന് എതിരായ പോരാട്ടം ശക്തമാകുമ്പോൾ സമരക്കാരെ ജാമ്യമില്ലാ കേസിൽ അകത്തിടാൻ സർക്കാർ
കോഴിക്കോട്: കെ റെയിൽ വിരുദ്ധ സമരത്തെ പൊളിക്കാൻ ഇനി ജാമ്യമില്ലാ കേസുവരും. സർവേ കല്ല് സ്ഥാപിക്കാൻ എത്തിയ ജീവനക്കാരെ ആക്രമിച്ചെന്ന കേസിൽ സാധാരണക്കാരെ കുടുക്കും. ഇതിന്റെ സൂചനകൾ സർക്കാർ നൽകി കഴിഞ്ഞു. ജാമ്യമില്ലാ കേസിൽ പുറത്തിറങ്ങാൻ നഷ്ടപരിഹാരവും കെട്ടിവയ്‌ക്കേണ്ടി വരും. അങ്ങനെ പ്രതിഷേധത്തെ കേസിലൂടെ അപ്രസക്തമാക്കാനാണ് നീക്കം.
10 ലക്ഷം രൂപയുടെ ഉപകരണം നശിപ്പിച്ചെന്ന പേരിൽ കോഴിക്കോട് കുണ്ടായിത്തോട് നിവാസിക്കെതിരെ നല്ലളം പൊലീസ് കേസെടുത്തത് ഇതിന്റെ തുടക്കമാണ്. സർവേ നടത്താൻ ഉപയോഗിക്കുന്ന ഉപകരണം നശിപ്പിച്ചെന്ന പേരിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണു കേസ്. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ് സമരസമിതി പ്രവർത്തകർ. അറസ്റ്റിലായാൽ ഈ പ്രതിഷേധക്കാരന് 10 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്‌ക്കേണ്ടി വരും. ഇങ്ങനെ വരുമ്പോൾ സമരത്തിന്റെ മൂർച്ഛ കുറയുമെന്നാണ് സർക്കാർ പ്രതീക്ഷ.
കഴിഞ്ഞ ദിവസം കല്ല് സ്ഥാപിക്കാൻ എത്തിയപ്പോൾ തടഞ്ഞിരുന്നു. ഈ സംഭവത്തിലാണ് ഉപകരണം കേടു വരുത്തിയെന്ന പേരിൽ കേസെടുത്തത്. പിന്നീടു വീട്ടിൽ ആളില്ലാത്ത സമയത്ത് അടച്ചിട്ട ഗേറ്റ് ചാടിക്കടന്നു മുറ്റത്ത് കെ റെയിൽ കല്ല് സ്ഥാപിക്കുകയും ചെയ്തിരുന്നു. സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിലും കേസെടുക്കുന്നുണ്ട്.
കോവിഡ് മാനദണ്ഡം പാലിക്കാതെ പാർട്ടി സമ്മേളനങ്ങളും പൊതുപരിപാടികളും നടത്തുന്ന സർക്കാർ സമരം പൊളിക്കാൻ മനഃപൂർവം കേസെടുക്കുകയാണെന്നു സമരക്കാർ ആരോപിച്ചു. കെ റെയിലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മേഖലകളിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. കല്ലിടൽ അടക്കമുള്ള പ്രവർത്തനം നടക്കുമ്പോൾ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന കാര്യം മാത്രമാണു പരിശോധിക്കുന്നതെന്നാണു പൊലീസ് വിശദീകരണം.
സമരത്തിൽ പങ്കെടുത്ത ചിലരെ ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ‘ഓപ്പറേഷൻ കാവൽ’ പദ്ധതിയുടെ ഭാഗമായി സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചതായും ആരോപണമുണ്ട്. സമരക്കാർക്കെതിരെ ഗുണ്ടാ നിയമവും ചുമത്തും. കോവിഡിന്റെ പേരിലെ കേസിലും പ്രതിഷേധം കുറയാത്ത സാഹചര്യത്തിലാണ് ഇത്. അതിനിടെ ആരെങ്കിലും ഉച്ചയുറക്കത്തിൽ പകൽക്കിനാവു കണ്ട് അവതരിപ്പിക്കുന്ന വികസന പദ്ധതിയല്ല വേഗ റെയിൽ എന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.
ഇഎംഎസ് സർക്കാരിനെ വീഴ്‌ത്താൻ വിമോചന സമരം നടത്തിയ മാതൃകയിൽ എൽഡിഎഫ് സർക്കാരിനെതിരെ വിമോചന സമരം നടത്താൻ കോൺഗ്രസ് മുതൽ ബിജെപി വരെയും ആർഎസ്എസ് മുതൽ ജമാഅത്തെ ഇസ്ലാമി വരെയും കൈ കോർക്കുകയാണ്. വിശദമായ പദ്ധതി രേഖ ആവശ്യപ്പെടുന്ന പ്രതിപക്ഷം ആ രേഖ വരും മുൻപേ കാര്യമറിയാതെ പദ്ധതിയെ തള്ളിപ്പറയുന്നത് എന്തുകൊണ്ടാണെന്ന് കോടിയേരി ചോദിച്ചു