ഖബർസ്ഥാനിൽ പ്രാർത്ഥിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു
കുറ്റിപ്പുറം: ഖബർസ്ഥാനിൽ പ്രാർത്ഥിക്കുന്നതിനിടെ കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു, 15-ലേറെപ്പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫ (45) യാണ് മരിച്ചത്. ചികിത്സയിലായിരുന്ന മുസ്തഫ ഇന്നാണ് മരിച്ചത്.
കുറ്റിപ്പുറം തെക്കെ അങ്ങാടി കാങ്കപ്പുഴക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിലെ ഖബറിടത്തിലാണ് സംഭവം. പ്രാർത്ഥിച്ചുനിന്നവർക്കും ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചവർക്കും പള്ളിയിലുണ്ടായിരുന്ന ചിലർക്കുമാണ് കടന്നൽക്കുത്തേറ്റത്. കുറ്റിപ്പുറം കാങ്കപ്പുഴ കോരാത്ത് ഷിബിൽ (12), കോരാത്ത് ഇൻഷാഫലി (38), വാണിയംതൊടുവിൽ മുഹമ്മദ് അജ്സൽ (7), കോരാത്ത് അലി (50) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച വൈകുന്നേരം നാലിന് നമസ്കാരം നടക്കുന്നതിനിടെയാണ് കടന്നൽക്കൂട്ടത്തിന്റെ ആക്രമം നടക്കുന്നത്. ശക്തമായ കാറ്റ് ഈ സമയത്തുണ്ടായിരുന്നു. ഇതിനിടയിലാണ് കൂട്ടമായി കടന്നലുകൾ ഇവരെ ആക്രമിക്കുന്നത്. രക്ഷപ്പെട്ട് ഇവർ പള്ളിക്കകത്തേക്ക് ഓടി വന്നപ്പോൾ പിറകേയെത്തിയ കടന്നൽക്കൂട്ടം പള്ളിയിലുണ്ടായിരുന്ന ചിലരെ കുത്തി. ഇതിനിടയിൽ ഖബർസ്ഥാനിൽ പ്രാർത്ഥിച്ച സംഘത്തിലുണ്ടായിരുന്ന അലിയെ കാണാനില്ലായിരുന്നു. അലിയെ തിരഞ്ഞുചെന്നവർ കണ്ടത് അലിയുടെ മുഖംനിറയെ കടന്നലുകൾ നിറഞ്ഞുനിൽക്കുന്നതാണ്.