നന്നമ്പ്ര ഗ്രാമപ്പഞ്ചായത്തിന്റെ കാർ ആക്രികൾക്കിടയിൽ മൂടിയിട്ട നിലയിൽ

നന്നമ്പ്ര : ഗ്രാമപ്പഞ്ചായത്തിന്റെ കാർ ആക്രികൾക്കിടയിൽ മൂടിയിട്ട നിലയിൽ. കഴിഞ്ഞ ഭരണസമിതി വാങ്ങിയ കാറാണ് മാലിന്യങ്ങൾ കൂട്ടിയിട്ട മുറിയിൽ കവറുകൊണ്ട് മൂടിയിട്ടനിലയിൽ കണ്ടെത്തിയത്. മാസങ്ങളോളം നന്നമ്പ്ര പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപം നിർത്തിയിട്ടിരുന്ന വാഹനമാണ് കൊടിഞ്ഞിയിലെ മാലിന്യം സൂക്ഷിക്കുന്ന സ്ഥലത്ത് കണ്ടെത്തിയത്.

നേരത്തേ ഉപയോഗിച്ചിരുന്ന ഈ കാറിന് പകരം മറ്റൊരു വാഹനം വാങ്ങിയതോടെ ഉപേക്ഷിക്കുകയായിരുന്നു. 2008-ൽ വാങ്ങിയ കാറാണിത്‌. കൃഷിയാവശ്യങ്ങൾക്കായി വാങ്ങിയ ട്രാക്ടറുകളും നന്നമ്പ്രയിലെ പലയിടങ്ങളിലായി നശിക്കുന്നതായും ആരോപണങ്ങളുയർന്നിട്ടുണ്ട്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ വാഹനങ്ങൾ നശിപ്പിക്കുന്നത് ഭരണസമിതി നടത്തുന്ന അന്യായമാണെന്നും നിയമവിരുദ്ധമാണെന്നും നാട്ടുകാർ ആരോപിക്കുന്നു. മാലിന്യങ്ങൾക്കൊപ്പം വാഹനത്തിന്റെ ഭാഗങ്ങൾ കടത്തിക്കൊണ്ടുപോകുന്നതിന് ശ്രമിച്ചതായി സംശയിക്കുന്നതായും ഭരണസമിതിയുടെ നിരുത്തരവാദപരമായ നടപടിയിൽ പ്രതിഷേധിക്കുന്നതായും ഗ്രാമപ്പഞ്ചായത്ത് പ്രതിപക്ഷ അംഗം പി.പി. ഷാഹുൽ ഹമീദ് പറഞ്ഞു. കാലപ്പഴക്കമുള്ള വാഹനം ലേലം ചെയ്യുന്നതിനുള്ള നടപടികളായിട്ടുണ്ടെന്നും ഗ്രാമപ്പഞ്ചായത്തിന്റെ എം.സി.എഫ്. കേന്ദ്രത്തിൽ കാർ സൂക്ഷിക്കുകയാണ് ചെയ്തതെന്നുമാണ് അധികൃതരുടെ വിശദീകരണം.