ആർ.സി പുതുക്കിക്കൊടുത്തില്ല; തിരൂർ ജോ. ആർ.ടി.ഒ 10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
മലപ്പുറം: ഓട്ടോറിക്ഷയുടെ ആർ.സി പുതുക്കാൻ ചെന്നയാളെ തിരിച്ചയച്ച സംഭവത്തിൽ തിരൂർ ജോ. ആർ.ടി.ഒ 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ വിധി. 2019 ഡിസംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം. തിരുനാവായ അനന്താവൂർ മെടിപ്പാറയിലെ ടി.കെ. മുഹമ്മദാണ് പരാതിക്കാരൻ. സേവനത്തിലെ വീഴ്ച, ഉപഭോക്താവിനുണ്ടായ അസൗകര്യം, ചെലവ് ഇനങ്ങളിലാണ് 10,000 രൂപ നൽകേണ്ടതെന്ന് കമീഷൻ പ്രസിഡൻറ് കെ. മോഹൻദാസൻ ഉത്തരവിൽ വ്യക്തമാക്കി.
ഭാര്യയുടെ പേരിലുള്ള ഓട്ടോറിക്ഷയുടെ ആർ.സി പുതുക്കാനാണ് മുഹമ്മദ് ജോ. ആർ.ടി.ഒ ഓഫിസിൽ പോയത്. ചലാൻ വാങ്ങിവെച്ച ക്ലാർക്ക് നാല് ദിവസം കഴിഞ്ഞ് വീണ്ടും വരാൻ ആവശ്യപ്പെടുകയായിരുന്നു. നാല് ദിവസത്തിന് ശേഷം ഓഫിസിലെത്തിയ മുഹമ്മദിനോട്, അവിടെ സ്വീകരിക്കുന്നില്ലെന്ന് അറിയിച്ച് അക്ഷയ കേന്ദ്രം വഴി ചെയ്യണമെന്നും നിർദേശിച്ചു.
സോഫ്റ്റ്വെയറിൽ മാറ്റമുണ്ടെന്നും പുതുക്കാനാവില്ലെന്നുമായിരുന്നു അക്ഷയ കേന്ദ്രത്തിൽനിന്ന് ലഭിച്ച മറുപടി. വീണ്ടും ഓഫിസിൽ ചെന്നപ്പോൾ ജോ. ആർ.ടി.ഒ അനുവദിച്ചാൽ സ്വീകരിക്കാമെന്ന് ക്ലർക്ക് വ്യക്തമാക്കി. ഇത് സാധ്യമാവാത്തതിനെത്തുടർന്ന് രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ചെന്നപ്പോൾ 3000 രൂപ പിഴയോടെ അടക്കാനാണ് നിർദേശിച്ചതെന്ന് മുഹമ്മദ് പരാതിയിൽ പറയുന്നു. തുടർന്നാണ് 70,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇദ്ദേഹം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിച്ചത്.