മെട്രോമാൻ ഇ ശ്രീധരന്റ പഠനം കൈമുതലാക്കി കേന്ദ്രസർക്കാറിനെ സമീപിക്കാൻ ബിജെപി നേതാക്കൾ പ്രധാനമന്ത്രിക്ക് മുന്നിൽ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സിൽവർ ലൈൻ സ്വപ്‌നത്തിന് പാരവെക്കാൻ ഉറച്ച് ബിജെപി. മെട്രോമാൻ ഇ ശ്രീധരനെ മുന്നിൽ നിർത്തി സമരം നയിക്കാനാണ് ബിജെപിയുടെ തീരുമാനം. കേന്ദ്രനേതൃത്വവുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ സിൽവർലൈൻ പദ്ധതിക്കെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങാൻ ബിജെപി തീരുമാനിച്ചു. കീഴാറ്റൂരിൽ ദേശീയപാതയ്ക്കായി വയൽ ഏറ്റെടുക്കുന്നതിനെതിരെ വയൽക്കിളി സമരത്തിൽ പാർട്ടി പങ്കുചേർന്നെങ്കിലും പിന്നീടു പാത നിർമ്മാണത്തിനു കേന്ദ്രം അനുമതി നൽകിയ സാഹചര്യം സിൽവർലൈനിന്റെ കാര്യത്തിൽ ഉണ്ടാകില്ലെന്നു സംസ്ഥാന നേതൃത്വം പറയുന്നു.

പദ്ധതിക്കെതിരെ കേന്ദ്രമന്ത്രി വി.മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ഇ.ശ്രീധരൻ എന്നിവരുൾപ്പെട്ട പ്രതിനിധിസംഘം വൈകാതെ കേന്ദ്രസർക്കാരിനെ ഔദ്യോഗികമായി സമീപിക്കും. റെയിൽവേ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് കേന്ദ്രമന്ത്രി മുരളീധരനൊപ്പം കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രിയെ കണ്ടെന്നാണു വിവരം. പ്രാഥമിക നടപടിക്കുള്ള സാധാരണ അനുമതി മാത്രമാണു കേന്ദ്രം നൽകിയതെന്നും സാങ്കേതികവും സാമ്പത്തികവുമായി പദ്ധതി പ്രായോഗികമല്ലെന്നാണു റെയിൽവേ മന്ത്രാലയത്തിന്റെ നിലപാടെന്നും നേതാക്കൾ പറഞ്ഞു.

അന്തിമ അനുമതി നൽകേണ്ടതു കേന്ദ്ര സർക്കാരാണ്. പദ്ധതിയുടെ പ്രായോഗിക പ്രശ്‌നങ്ങളും സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി ആഘാതവും വിശദമാക്കി ഇ.ശ്രീധരൻ തയാറാക്കിയ റിപ്പോർട്ട് സംസ്ഥാന നേതൃത്വം മുഖേന പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രാലയത്തിനും നൽകിയതായി അറിയുന്നു.

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ അധ്യക്ഷതയിൽ ഇന്നു നടക്കുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം സമരപരിപാടികൾക്ക് അന്തിമരൂപം നൽകും. സിൽവർലൈൻ കടന്നു പോകുന്ന ജില്ലകളിൽ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ പദയാത്ര നടത്തും. പദ്ധതി കാരണം വിഷമം അനുഭവിക്കാൻ സാധ്യതയുള്ളവരെ ഒപ്പം നിർത്തിയുള്ള സമരങ്ങൾക്കാണു നീക്കം. മുഖ്യമന്ത്രി പൗരപ്രമുഖരുടെ യോഗം വിളിച്ചുകൂട്ടിയതിനു സമാനമായി, പദ്ധതിയുടെ പ്രശ്‌നങ്ങൾ വിശദമാക്കാൻ മേഖലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ യോഗങ്ങളും പരിഗണനയിലാണ്.

നേരത്തെ സിൽവർ ലൈൻ പദ്ധതിയിൽ റെയിൽവേയും കേന്ദ്ര സർക്കാരും കെ-റെയിലിനൊപ്പമാണെന്ന നിലപാട് കൈക്കൊണ്ടിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനും സാമൂഹികാഘാത പഠനം നടത്താനും തങ്ങളുടെ അനുമതി വേണ്ടന്നു റെയിൽവേ ഹൈക്കോടതിയെ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ നിർത്തിവയ്ക്കാൻ നിർദേശിക്കണമെന്ന ഹർജിയിലാണ് റെയിൽവേ നിലപാട് വ്യക്തമാക്കിയത്. പദ്ധതിക്കു തത്വത്തിൽ അനുമതിയുണ്ടന്നും കെ-റെയിൽ റെയിൽവേയും സംസ്ഥാനവും ചേർന്നുള്ള സംയുക്ത സംരംഭമാണെന്നും റെയിൽവേ വ്യക്തമാക്കി.

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെയും റെയിൽവേ ബോർഡിന്റെയും അനുമതി ലഭിച്ച ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്ന് നേരത്തെ മറ്റൊരു ഹർജിയിൽ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സർവേയടക്കം ഇപ്പോൾ നടക്കുന്നത് പ്രാരംഭ പ്രവർത്തങ്ങൾ മാത്രമാണന്നും ചീഫ് സെക്രട്ടറി സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി. അന്തിമ അനുമതി ലഭിക്കാതെ പദ്ധതി നടപ്പാക്കില്ലെന്ന് കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചെന്ന് ചൂണ്ടാക്കാട്ടി കോട്ടയം മുളകുളം പെരുവ സ്വദേശി എം ടി തോമസ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്.