പോർവിളിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല സിൽവർ ലൈൻ പദ്ധതി നടത്തേണ്ടത്, സർക്കാരിനെ നിർത്തിപൊരിച്ച് ഹൈക്കോടതി
കൊച്ചി: സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ പദ്ധതിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പദ്ധതിക്കെതിരെ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ കോടതി പരാമർശം നടത്തിയത്.
വീടുകളിലേയ്ക്കുള്ള പ്രവേശനം പോലും തടഞ്ഞ് വലിയ സർവേ കല്ലുകൾ സ്ഥാപിക്കുന്നത് അനുവദിക്കില്ലെന്ന് പറഞ്ഞ കോടതി, ഇത്രയും വലിയ പദ്ധതി പോർവിളിച്ചല്ല നടത്തേണ്ടതെന്നും, ജനങ്ങളെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പദ്ധതിക്കായി സർവേ നടത്തുന്നതിന് കോടതി എതിരല്ലെന്നും എന്നാൽ അടയാളം രേഖപ്പെടുത്താൻ വലിയ കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നത് അനുവദിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. നിയമപ്രകാരം മാത്രമേ പദ്ധതി നടപ്പിലാക്കാൻ കഴിയൂ. നിയമ ലംഘനം ഉണ്ടാകാൻ പാടില്ല. വിശദമായ വാദത്തിനായി ഹർജി ഈ മാസം 21ലേക്ക് മാറ്റി. പദ്ധതിയിൽ കേന്ദ്രത്തിന്റെ നിലപാടിന് കൂടുതൽ വ്യക്തത വേണമെന്നും കോടതി ആവശ്യപ്പെട്ടു. പദ്ധതിക്കു കേന്ദ്രം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നു കെ റെയിലിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറയുന്നുണ്ടെങ്കിലും വ്യക്തത ഇല്ല. കൂടാതെ കേന്ദ്രസർക്കാരിനും റെയിൽവേയ്ക്കും വേണ്ടി ഒരു അഭിഭാഷകൻ ഹാജരാകുന്നതിലും കോടതി അതൃപ്തി അറിയിച്ചു. രണ്ട് കക്ഷികൾക്കും രണ്ട് അഭിപ്രായമാണെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.