കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്കമഹോത്സവത്തിന് നാളെ തുടക്കമാകും

തിരുന്നാവായ: കൊവിഡ് മാനദന്ധങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്കമഹോത്സവത്തിന് നാളെ അങ്ങാടിപ്പുറം ചാവേര്‍ത്തറയിൽ തുടക്കമാകും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മാമാങ്ക ഉത്സവം ചാവേർത്തറയിൽ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വളളത്തോള്‍ ഉദ്ഘാടനം ചെയ്യും. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചര്‍ അധ്യക്ഷയാകും. വ്യാഴാഴ്ച രാവിലെ 9മണിയോടെ ആരംഭിക്കുന്ന അങ്കവാള്‍ പ്രയാണം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കൊടക്കല്ലിൽ സമാപിക്കും.രണ്ടാം ദിനമായ വെളളിയാഴ്ച രാവിലെ നിളാതീരത്ത് മാമാങ്ക സ്മൃതി ദീപം തെളിയിക്കും.തുടർന്ന് നടക്കുന്ന ചരിത്രസ്മരണ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ഡോ.ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2മണിക്ക് എം.എം.ടി ഹാളിൽ ചരിത്രസഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ ഉദ്ഘാടനം ചെയ്യും.22ന് രാവിലെ പത്ത് മണിക്ക് എം.എം.ടി ഹാളിൽ നടക്കുന്ന ‘നവായഗരിമ’ ബാല സാഹിത്യ ഇന്‍സ്റ്റ്യൂട്ട് ഡയറക്ടര്‍ പളളിയറ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് മാമാങ്ക പുരഷ്‌കാരം സമർപ്പിക്കും.വിവിധ മേഖലയിലുളളവരേ പരിപാടിയിൽ അനുമോദിക്കും.