കോവിഡ്; സംസ്ഥാനത്ത് അതിതീവ്രവ്യാപനം: വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വിഭിന്നമായി കോവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തില്‍ തന്നെ വലിയ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം തരംഗത്തില്‍ വ്യാപനം 2.68 ആയിരുന്നപ്പോള്‍ ഇപ്പോഴത്തേത്ത് 3.12 ആണ്. അതായത് ഡെല്‍റ്റയെക്കാള്‍ ആറിറട്ടി വ്യാപനമാണ് ഒമിക്രോണിനുള്ളത്. അടുത്ത മൂന്നാഴ്ച ഏറെ നിര്‍ണായകമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തെപ്പറ്റി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നും രണ്ടും തരംഗങ്ങള്‍ ഒറ്റക്കെട്ടായാണ് കേരളം നേരിട്ടത്. രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി ഈ തരംഗത്തേയും അതിജീവിക്കണം. ഒന്നും രണ്ടും തരംഗത്തില്‍ പരമാവധി പീക്ക് ഡിലേ ചെയ്യാനാണ് സംസ്ഥാനം ശ്രമിച്ചത്. ഡൈല്‍റ്റ വൈറസിനേക്കാള്‍ അതി തീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോണാണ് മൂന്നാം തരംഗത്തില്‍ വ്യാപനം കൂട്ടുന്നത്. ഡെല്‍റ്റാ വകഭേദത്തിനേക്കാള്‍ ഒമിക്രോണിന് താരതമ്യേന ഗുരുതരാവസ്ഥ കുറവാണെങ്കിലും ജാഗ്രത കൈവിടാന്‍ പാടില്ല. വളരെ വേഗം പടര്‍ന്ന് പിടിക്കുന്നതിനാല്‍ ആശുപത്രികളിലും ഐസിയുവിലും വെന്റിലേറ്ററുകളിലുമെത്തുന്ന രോഗികള്‍ കൂടാന്‍ സാധ്യതയുണ്ട്.
ഒരു കാരണവശാലും കോവിഡ് വന്ന് പോകട്ടെ എന്ന് കരുതരുത്. കോവിഡിനേയും ഒമിക്രോണെയും പറ്റി തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ജലദോഷം, പനി, ചുമ, തലവേദന, ശരീരവേദന എന്നീ രോഗലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണം. ഒമിക്രോണ്‍ ബാധിച്ചവരില്‍ ഭൂരിപക്ഷം പേരിലും മണവും രുചിയും നഷ്ടപ്പെടുന്നതായി കാണുന്നില്ല. കോവിഡ് വ്യാപനം തടയുക എന്നത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. വ്യക്തിപരമായി ഓരോരുത്തരും ശ്രദ്ധിച്ചില്ലെങ്കില്‍ സ്ഥിതി വഷളാകും ഇപ്പോഴത്തെ സ്ഥിതി വഷളാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. വ്യക്തിപരമായും സാമൂഹികവുമായുമുള്ള ഉത്തരവാദിത്വം എല്ലാവരും പാലിക്കണം. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ആണ് ധരിക്കേണ്ടത്.
പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. 18 വയസിന് മുകളിലുള്ള 99.8 ശതമാനത്തോളം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 83 ശതമാനത്തോളം പേര്‍ക്ക് രണ്ടാം ഡോസും നല്‍കാനായി. ഇതുകൂടാതെ കുട്ടികളുടെ വാക്‌സിനേഷന്‍ 57 ശതമാനമായി (8,67,199). കരുതല്‍ ഡോസ് വാക്‌സിനേഷനും പുരോഗമിക്കുന്നു.
സ്ഥാപനങ്ങള്‍ ക്ലസ്റ്ററുകള്‍ ആകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ പ്രവര്‍ത്തകരും വളരെയേറെ ശ്രദ്ധിക്കണം. സുരക്ഷ ഉപകരണങ്ങള്‍ എല്ലാവരും കൃത്യമായി ധരിക്കണം. 1508 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് അടുത്തിടെ കോവിഡ് ബാധിച്ചത്. മാധ്യമ പ്രവര്‍ത്തകരും ശ്രദ്ധിക്കണം. ആശുപത്രി ജീവനക്കാരുടെ ഒത്തുചേരലുകള്‍ ഈ കാലത്ത് പാടില്ല. എല്ലാവരും കരുതല്‍ ഡോസ് വാക്‌സിന്‍ എടുക്കേണ്ടതാണ്. ആശുപത്രി സന്ദര്‍ശനം പരമാവധി കുറയ്‌ക്കേണ്ടതാണ്. രോഗികളുടെ കൂടെ കൂടുതല്‍ പേര്‍ ആശുപത്രിയില്‍ വരരുത്. ഇ സഞ്ജീവനി സേവനങ്ങള്‍ പരമാവധി ഉപയോഗിക്കണം.
കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. ആശുപത്രികളെ സജ്ജമാക്കുകയും ഓക്‌സിജനും മരുന്നുകളും സുരക്ഷ ഉപകരണങ്ങളും ഉറപ്പ് വരുത്തുകയും ചെയ്തു. സര്‍ക്കാര്‍ മേഖലയില്‍ 3,107 ഐസിയു കിടക്കകളും 2293 വെന്റിലേറ്ററുകലും സ്വകാര്യ മേഖലയില്‍ 7468 ഐസിയു കിടക്കകളും 2432 വെന്റിലേറ്ററുകളും ലഭ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡും നോണ്‍ കോവിഡുമായി 44 ശതമാനം പേര്‍ ഐസിയുവിലും 11.8 ശതമാനം പേര്‍ വെന്റിലേറ്ററിലും മാത്രമേയുള്ളൂ. ആകെ 8353 ഓക്‌സിജന്‍ കിടക്കകളും സജ്ജമാണ്. അതില്‍ 11 ശതമാനത്തില്‍ മാത്രമേ രോഗികളുള്ളു.
മൂന്നാം തരംഗമുണ്ടായാല്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ സംസ്ഥാനം നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. ലിക്വിഡ് ഓക്‌സിജന്റെ സംഭരണ ശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി നിലവില്‍ 1817.54 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ സംഭരണ ശേഷിയുണ്ട്. 159.6 മെട്രിക് ടണ്‍ അധിക സംഭരണശേഷി സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മുമ്പ് 4 ഓക്‌സിജന്‍ ജനറേറ്ററുകള്‍ മാത്രമാണുണ്ടായത്. മൂന്നാം തരംഗം മുന്നില്‍ കണ്ട് 42 ഓക്‌സിജന്‍ ജനറേറ്ററുകള്‍ അധികമായി സ്ഥാപിച്ചു. 14 എയര്‍ സെപ്പറേഷന്‍ യൂണിറ്റുകള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിലവിലുണ്ട്.
സംസ്ഥാനത്ത് മരുന്നുകള്‍ക്ക് ക്ഷാമമെന്നത് വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകളായ റെംഡെസിവര്‍, ടോസിലിസാമാബ് എന്നിവയും ബ്ലാക്ക് ഫങ്കസ് ചികിത്സക്ക് ഉപയോഗിക്കുന്ന ആംഫോറ്റെറിസിനും നിലവില്‍ അവശ്യാനുസരണം ലഭ്യമാണ്. ഇതു കൂടാതെ കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന മോണോകോണല്‍ ആന്റിബോഡിയും കെ.എം.എസ്.സി.എല്‍. മുഖേന സംഭരിച്ചിട്ടുണ്ട്. പിപിഇ കിറ്റ്, മാസ്‌കുകള്‍, ഗ്ലൗസ് തുടങ്ങിയവയുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.
കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ കൂടാതെ മറ്റ് ആവശ്യമരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍, ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ തുടങ്ങിയവയുടെ ലഭ്യതയും വിലയിരുത്തിയിട്ടുണ്ട്. പേവിഷ പ്രതിരോധ വാക്‌സിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കും ക്ഷാമമില്ല.
വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ സരിതയുടെ നിര്യാണത്തില്‍ മന്ത്രി അനുശോചനം രേഖപ്പെടുത്തി.