ചങ്ങരംകുളത്ത് ബിരുദ വിദ്യാർത്ഥികൾ തമ്മിൽ റോഡരികിൽ കൂട്ടത്തല്ല്; കേസ് എടുത്ത് പൊലീസ്
മലപ്പുറം: ചങ്ങരംകുളത്ത് ബിരുദ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ചങ്ങരംകുളം വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്.
ബിഎസ്സി രണ്ടാം വർഷ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. സീനിയർ വിദ്യാർത്ഥികളാണ് ജൂനിയർ വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തത് എന്നാണ് റിപ്പോർട്ട്.പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വൈകീട്ടോടെയായിരുന്നു സംഭവം. റാഗിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വലിയ സംഘർഷത്തിലേക്ക് വഴിവെച്ചതെന്നാണ് രണ്ടാംവർഷ വിദ്യാർത്ഥികൾ പറയുന്നത്. സീനിയർ വിദ്യാർത്ഥികൾ അടിക്കടി ഉപദ്രവിക്കാറുണ്ടെന്നും, ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് മർദ്ദിക്കുകയായിരുന്നുവെന്നും രണ്ടാം വർഷ വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു.
കോളേജിന് സമീപത്തെ റോഡിൽ വച്ചാണ് വിദ്യാർത്ഥികൾക്ക് മർദനമേറ്റത്. വൈകീട്ട് നാല് മണിയോടെയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ തലനാരിഴയ്ക്കാണ് വിദ്യാർത്ഥികളെ വാഹനങ്ങൾ
ഇടിക്കാതെ കടന്ന് പോവുന്നത്. ഇതും ദൃശ്യങ്ങളിൽ വ്യക്തമാണ്.കോളേജും സംസ്ഥാന പാതയും തമ്മിൽ ഇരുന്നൂറ് മീറ്ററോളമാണ് ദൂരമമാണുള്ളത്.
ഈ പാതയിലുടനീളം വിദ്യാർത്ഥികൾക്ക് മർദനം എറ്റിരുന്നു. ഇത്തരം സംഘർഷം കോളേജിൽ പതിവാണെന്നും ആക്ഷേപമുണ്ട്. കോളേജിന് പുറത്തു വച്ചാണ് സംഭവം നടന്നതെന്നും എന്നാൽ കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുമാണ് കോളേജ് അധികൃതരുടെ നിലപാട്.
സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഘർഷമുണ്ടാക്കിയതിനാണ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടാംവർഷ വിദ്യാർത്ഥികൾ ആരോപിക്കുന്നതുപോലെ റാഗിങ് ഉണ്ടായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. റാഗിംഗുമായി ബന്ധപ്പെട്ട പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പ്രിൻസിപ്പാൾ പറയുന്നത്. ഇതിന് മുൻപും കോളേജിൽ സമാനമായ രീതിയിൽ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്.