കേന്ദ്ര ഏജൻസികള്‍ക്കെതിരെ ഇടത് മുന്നണിയുടെ പ്രതിഷേധ സമരം ഇന്ന്

കേന്ദ്ര ഏജൻസികള്‍ക്കെതിരെ ഇടത് മുന്നണിയുടെ പ്രതിഷേധ സമരം ഇന്ന്. സർക്കാർ പദ്ധതികള്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നുവെന്നാണ് ഇടത് മുന്നണിയുടെ ആരോപണം. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ പരിപാടിയില്‍ പങ്കെടുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു.

 

ലൈഫ് പദ്ധതിക്ക് പിന്നാലെ കെ ഫോണ്‍, ഇ മൊബിലിറ്റി പദ്ധതികളിലേക്ക് കൂടി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നീങ്ങിയതോടെയാണ് പ്രത്യക്ഷ സമരവുമായി മുന്നോട്ട് വരാന്‍ ഇടത് മുന്നണി തീരുമാനിച്ചത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ കേരളത്തിന്റെ അഭിമാന വികസന പദ്ധതികളെ അട്ടിമറിക്കാന്‍ നീക്കം നടത്തുന്നുവെന്നാണ് ഇടത് മുന്നണിയുടെ ആരോപണം. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ആരോപണങ്ങള്‍ സത്യവിരുദ്ധമാണെന്ന്‌ വ്യക്തമായിട്ടും കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുചേര്‍ന്ന്‌ നിരന്തരം പ്രചരണം അഴിച്ചുവിടുന്നു, ഇ.ഡി അടക്കമുള്ള ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇതിന്‌ കൂട്ടുനില്‍ക്കുകയാണ് തുടങ്ങിയ കുറ്റപ്പെടുത്തലുകളും എല്‍ഡിഎഫ് നടത്തുന്നുണ്ട്.

ബൂത്തുകളില്‍ നടക്കുന്ന പ്രതിരോധത്തില്‍ 25 ലക്ഷം പേര്‍ അണിനിരക്കുമെന്നാണ് അവകാശവാദം. എ വിജയരാഘവന്‍, കാനം രാജേന്ദ്രന്‍ അടക്കമുള്ള എല്ലാ കക്ഷിനേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുക്കും. നേരത്തെ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരെ കൂടി പ്രതിഷേധത്തിന്‍റെ ഭാഗമാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരെയില്ലാത്ത തരത്തില്‍ മന്ത്രിമാരെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അണിനിരത്തുന്നത് ശരിയല്ലെന്ന വിലയിരുത്തലിന്‍രെ അടിസ്ഥാനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അത് വേണ്ടെന്ന് വച്ചത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ തുടർ പ്രക്ഷോഭ പരിപാടികളെ കുറിച്ചും ഇടത് മുന്നണി ആലോചിക്കുന്നുണ്ട്.