അധികാരത്തിന്റെ ബലത്തിൽ മുസ്ലിംലീഗ് പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ല: പി.എം.എ. സലാം

മലപ്പുറം: പുല്ലൂക്കരയിലെ യൂത്ത്‌ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് ശേഷമുണ്ടായ സംഭവങ്ങളുടെ പേരിൽ പ്രദേശത്തെ ലീഗ് പ്രവർത്തകരെ അധികാരത്തിന്റെ ബലത്തിൽ വേട്ടയാടാൻ അനുവദിക്കില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ-ചാർജ് പി.എം.എ. സലാം പ്രസ്താവിച്ചു.

“നിഷ്ഠൂരമായ ആ കൊലപാതകത്തോടുളള സ്വാഭാവിക പ്രതികരണമെന്ന നിലക്ക് തൊട്ടടുത്ത ദിവസങ്ങളിലുണ്ടായ ഒറ്റപ്പെട്ട ചില സംഭവങ്ങളിൽ പ്രതിയാണെന്നാരോപിച്ച് കഴിഞ്ഞ ദിവസം കൂത്തുപറമ്പ് നിയോജകമണ്ഡലം എം.എസ്.എഫ്. പ്രസിഡന്റ് അഫ്‌നാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു സഹപ്രവർത്തകന്റെ ജീവൻ നഷ്ടപ്പെട്ട വേദനയിൽ ആ കൊലപാതകത്തിന് നേതൃത്വം കൊടുത്ത സി.പി.എമ്മിന്റെ പ്രാദേശിക ഓഫീസുകളിലെ ബോർഡുകൾക്കും കസേരകൾക്കും ചില്ലറ കേടുപാടുകൾ സംഭവിച്ചതിൻറെ പേരിൽ സി.പി.എം നേതൃത്വത്തിൻറെ സമ്മർദ്ധത്തിന് വഴങ്ങി അമ്പതോളം മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തതിൻറെ തുടർച്ചയായാണ് അഫ്‌നാസിനെയും കസ്റ്റഡിയിലെടുത്തത്.

ചൊക്ലി പോലീസ് സ്റ്റേഷൻറെ പരിധിയിൽ താമസിക്കുന്ന അഫ്‌നാസിനെ കതിരൂർ പോലീസ് സ്റ്റേഷനിൽ പാർപ്പിച്ചതിൻറെ പിറകിലെ ചേതോവികാരമെന്ത് എന്ന് പോലീസ് വിശദീകരിക്കണം.- പി.എം.എ സലാം പറഞ്ഞു.

തലശ്ശേരി ഡി.വൈ.എസ്.പിക്ക് പുതുതായി കേസന്വേഷണ ചുമതല നൽകിയ ശേഷം അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഒരു പ്രദേശത്തെ ലീഗ് നേതാക്കളേയും പ്രവർത്തകരേയും നിരന്തരം വേട്ടയാടുകയാണ്. യാതൊരു നീതീകരണവുമില്ലാത്ത ഈ വേട്ടയാടലിന് അറുതി ഉണ്ടാകണമെന്ന് മുസ്ലീം ലീഗ് നേതൃത്വം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അവസാനിപ്പിച്ചേ പറ്റൂ. അധികാരത്തിന്റെ തിണ്ണബലത്തിൽ ആർക്കും എപ്പോഴും ലീഗ് പ്രവർത്തകരുടെ നെഞ്ചത്തേക്ക് കയറാമെന്ന ധാരണയൊന്നും വേണ്ട. കേരളത്തിലെ ഞെട്ടിക്കുന്ന കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടങ്ങളും തടയാൻ കഴിയാത്ത പോലിസ് സേനയും ആഭ്യന്തര വകുപ്പും മാർക്‌സിസ്റ്റ് പാർട്ടിയുടെ ചട്ടുകമായി നിരപരാധികളായ പ്രവർത്തകരെ വേട്ടയാടുന്നത് മുസ്ലിംലീഗ് പാർട്ടിക്ക് നോക്കിനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.