കർണാടക രാത്രിയാത്ര നിരോധനം പിൻവലിച്ചു; സ്‌കൂളുകളും കോളേജുകളും തുറക്കും, കേരള അതിർത്തിയിൽ ജാഗ്രത തുടരും

ബംഗളൂരു: കൊവിഡിന്റെ മൂന്നാം തരംഗം ശക്തമായതിനെ തുടർന്ന് കർണാടകയിൽ ഏർപ്പെടുത്തിയിരുന്ന രാത്രിയാത്രാ നിരോധനം പിൻവലിക്കാൻ സർക്കാർ. സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കാനും തീരുമാനിച്ചു. തിങ്കളാഴ്‌ച മുതൽ പുതിയ തീരുമാനം നിലവിൽ വരും. ആദ്യഘട്ടത്തിൽ ബംഗളൂരുവിലെ സ്‌കൂളുകളും കോളേജുകളുമാണ് തുറക്കുക.

എന്നാൽ കൊവിഡ് ചട്ടങ്ങൾ ശക്തമായി പാലിച്ചുകൊണ്ടാകും പഠനം പുനരാരംഭിക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു. പുതിയ ചട്ടങ്ങളനുസരിച്ച് സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും എത്തണം. മുൻപ് ഇത് 50 ശതമാനമായിരുന്നു. എന്നാൽ തീയേ‌റ്ററുകൾ, ഓഡിറ്റോറിയങ്ങൾ, മൾട്ടിപ്ളക്‌സുകൾ, ജിം, സ്വിമ്മിംഗ് പൂളുകൾ എന്നിവിടങ്ങളിൽ 50 ശതമാനം പേർക്കേ പ്രവേശനമുള‌ളു.

വിവാഹ ചടങ്ങുകളിൽ പരമാവധി 300 പേർക്കാണ് പ്രവേശനം. അടച്ചിട്ടയിടങ്ങളിൽ ഇത് 200 ആണ്. എല്ലാ സാമൂഹിക, രാഷ്‌ട്രീയ ചടങ്ങുകളും കൊവിഡ് ചട്ടമനുസരിച്ചാകും. സ്വകാര്യ ആശുപത്രികളിൽ 25 ശതമാനം കിടക്കകളാണ് കൊവിഡ് രോഗികൾക്ക് നീക്കിവച്ചത്. മറ്റ് രോഗികൾക്കും ചികിത്സ ഉറപ്പാക്കും. കേരളം, ഗോവ, മഹാരാഷ്‌ട്ര അതിർത്തികളിൽ കനത്ത ജാഗ്രതയുണ്ടാകും.

വെള‌ളിയാഴ്‌ച കർണാടകയിൽ 31,198 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 50 മരണങ്ങളും. വ്യാഴാഴ്‌ചതിനെക്കാൾ രോഗികളുടെ എണ്ണത്തിൽ 7000 കുത്തനെ കുറഞ്ഞു. ഇതോടെയാണ് കൊവിഡ് ചട്ടങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചത്.