ലോകായുക്തയെ വിമർശിച്ചത് ഐസ്‌ക്രീം കേസിലെ വിധിയിൽ; കെ ടി ജലീൽ

തിരുവനന്തപുരം: ലോകായുക്തയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌ത പോസ്‌റ്റിന് വിശദീകരണം നൽകുന്ന പോസ്‌റ്റുമായി വീണ്ടും കെ.ടി ജലീൽ എംഎൽഎ. ഐസ്‌ക്രീം പാർലർ കേസിൽ മുൻമന്ത്രി കുഞ്ഞാലിക്കുട്ടിയെ വെറുതെവിട്ട ജസ്‌റ്റിസ് സിറിയക് ജോസഫ് ഉൾപ്പെട്ട ബെഞ്ചിന്റെ വിധിപകർപ്പിന്റെ ചിത്രമാണ് ജലീൽ ഇത്തവണ പോസ്‌റ്റ് ചെയ്‌തത്.

മുൻ പോസ്‌റ്റിൽ ഉദ്ദേശിച്ചത് ഐസ്‌ക്രീം പാർലർ കേസിനെയാണെന്ന് വ്യക്തമാക്കുന്നതാണ് പോസ്‌റ്റ്. ശേഷം ജസ്‌റ്റിസ് സിറിയക് ജോസഫിന്റെ സഹോദര ഭാര്യയ്‌ക്ക് വൈസ് ചാൻസിലറായി നിയമനം നൽകിയതിന്റെ രേഖകളും ജലീൽ പോസ്‌റ്റ് ചെയ്‌തിരിക്കുന്നു. പ്രതിപക്ഷ നേതാവിനും മുൻ പ്രതിപക്ഷ നേതാവിനും ഇത് സമർപ്പിക്കുകയാണെന്നും ശ്രദ്ധിച്ച് വായിച്ച് മറുപടി നൽകാനുമാണ് ജലീലിന്റെ വെല്ലുവിളി.

ലോകായുക്ത ഭേദഗതിയെ ന്യായീകരിച്ച് ശക്തമായ ഭാഷയിലാണ് ലോകായുക്ത ജസ്‌റ്റിസ് സിറിയക് ജോസഫിനെതിരെ കെ.ടി ജലീൽ പ്രതികരിച്ചത്. യുഡിഎഫ് നേതാവിന് പ്രമാദമായ കേസിൽ നിന്ന് ഊരിപ്പോരാൻ സ്വന്തം സഹോദരഭാര്യയ്‌ക്ക് യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പദവി വിലപേശി വാങ്ങിയ ഏമാൻ തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകൈയും ആർക്കുവേണ്ടിയും ചെയ്യും എന്നായിരുന്നു ജലീൽ ആദ്യ പോസ്‌റ്റിൽ ആരോപിച്ചത്.

https://m.facebook.com/story.php?story_fbid=490075565807835&id=100044161883012