ഓയിൽ കമ്പനികൾ മണ്ണെണ്ണ വില കൂട്ടിയെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: മണ്ണെണ്ണയുടെ വിലയില്‍ ഓയില്‍ കമ്പനികള്‍ വന്‍ വര്‍ദ്ധന വരുത്തിയതായി ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. എട്ട് രൂപയോളം വില വര്‍ദ്ധിച്ചെന്നും എന്നാല്‍ സംസ്ഥാനത്ത് വില കൂട്ടില്ലെന്നും, നിലവിലെ വിലയില്‍ തന്നെ റേഷന്‍ കടകളില്‍ നിന്ന് ജനങ്ങള്‍ക്ക് മണ്ണെണ്ണ വാങ്ങാമെന്നും മന്ത്രി അറിയിച്ചു.
ജനുവരി മാസത്തില്‍ 41.64 രൂപയായിരുന്ന മണ്ണെണ്ണയുടെ അടിസ്ഥാന വില ഫെബ്രുവരി 1-ന് 5.39രൂപ വര്‍ദ്ധിച്ച് 47.03 ആയി. ഫെബ്രുവരി 2-ന് 2.52 രൂപ വീണ്ടും വര്‍ദ്ധിച്ച് 49.55 ആയി. മണ്ണെണ്ണയുടെ അടിസ്ഥാന വിലയോടൊപ്പം കടത്ത് കൂലി, ഡീലേഴ്‌സ് കമ്മീഷന്‍, സി.ജി.എസ്.ടി, എസ്.ജി.എസ്.ടി എന്നിവ കൂട്ടിച്ചേര്‍ത്ത വിലയ്ക്കാണ് റേഷന്‍ കടകളില്‍ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്. നിലവില്‍ 53 രൂപയ്ക്കാണ് സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ മണ്ണെണ്ണ വിതരണം ചെയ്യുന്നത്.