വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി
കോട്ടയം: പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. 48 മണിക്കൂർ ഐ സി യുവിൽ നിരീക്ഷണത്തിൽ തുടരും. വാവ സുരേഷിന് സ്വന്തമായി ശ്വാസമെടുക്കാൻ കഴിയുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
സുരേഷ് ഇന്നലെ രാത്രി കണ്ണുതുറന്നിരുന്നു. എന്നാൽ അർദ്ധബോധാവസ്ഥയിലായിരുന്നു. അതിനാൽത്തന്നെ വെന്റിലേറ്റർ എപ്പോൾ മാറ്റാൻ കഴിയും എന്ന കാര്യത്തിൽ ഡോക്ടർമാർക്ക് സംശയമുണ്ടായിരുന്നു. രാവിലെ ഒൻപതുമണിയോടുകൂടി വെന്റിലേറ്റർ മാറ്റാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.
തലച്ചോറിന്റെ പ്രവർത്തനത്തിലും കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോക്ടർമാരുമായി സുരേഷ് സംസാരിച്ചെന്ന് അധികൃതർ പറഞ്ഞു. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണനിലയിലായി. രണ്ട് ദിവസം മുൻപാണ് കോട്ടയത്തുവച്ച് വാവ സുരേഷിന് മുർഖൻ പാമ്പിന്റെ കടിയേറ്റത്. അദ്ദേഹത്തിന്റെ തുടയിലാണ് പാമ്പ് കടിച്ചത്.