ചാവക്കാട്ട് വൻ മയക്ക്മരുന്ന് വേട്ട: 150 ഗ്രാം എം.ഡി.എം.എയും ഒന്നരക്കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
ചാവക്കാട്: നഗരത്തിൽ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. കോട്ടയം ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശികളായ മാനാടിയിൽ ഷിനാജ്(42), ആനിക്കലോടിയിൽ രാജീവ് (47) എന്നിവരാണ് മയക്കുമരുന്ന് കാറിൽ കടത്തുന്നതിനിടെ പിടിയിലായത്. 150 ഗ്രാം എം.ഡി.എം.എയും ഒന്നരക്കിലോ കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്ത എം.ഡി.എം.എയ്ക്ക് 10 ലക്ഷം രൂപയും കഞ്ചാവിന് 30,000 രൂപയും വില മതിക്കുമെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിൽ നിന്ന് വിൽപ്പയ്‌നക്കായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് ഗുരുവായൂർ എ.സി.പി. കെ.ജി.സുരേഷ് പറഞ്ഞു. ബംഗളൂരുവിൽ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായത്. ഇവർ ചാവക്കാട്ടെ ഇടനിലക്കാരന് മയക്കുമരുന്ന് വിൽക്കാൻ നഗരത്തിൽ കാത്തുനിൽക്കുന്നതിനിടെയാണ് പിടിയിലായതെന്ന് എ.സി.പി പറഞ്ഞു. ബംഗളൂരുവിൽ നിന്ന് കാറിൽ വരുന്ന വഴി പൊന്നാനിയിലും ഇവർ മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നാണ് പ്രതികളിൽ നിന്ന് പൊലീസിന് ലഭിച്ച വിവരം
. ലഹരിക്കെതിരെ തൃശൂർ റേഞ്ച് കേന്ദ്രീകരിച്ച് നടത്തുന്ന പൊലീസിന്റെ ‘ഡ്രൈവ് എഗൈൻസ്റ്റ് ഡ്രഗ്’ മിഷന്റെ ഭാഗമായി ഇന്നലെ പുലർച്ചെ അഞ്ചോടെ ചാവക്കാട് എസ്.എച്ച്.ഒ. കെ.എസ്. സെൽവരാജിന്റെ മേൽനോട്ടത്തിൽ ടൗണിൽ നടന്ന വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. സബ് ഡിവിഷണൽ നൈറ്റ് ഓഫീസർ എസ്.ഐ. കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന. വിവരമറിഞ്ഞ് ചാവക്കാട് എസ്.ഐമാരായ എ.എം.യാസിർ, എസ്.സനോജ് എന്നിവരും സ്ഥലത്തെത്തി. കാറിൽ ചാവക്കാട്ടെ ഇടനിലക്കാരനെ കാത്തുനിൽക്കവെയാണ് പ്രതികൾ പൊലീസിന്റെ വലയിലായത്. മയക്കുമരുന്ന് ആർക്ക് കൈമാറാനാണ് ചാവക്കാട്ട് ഇവർ കാത്തുനിന്നതെന്ന അന്വേഷണവും നടക്കുന്നുണ്ടെന്ന് എ.സി.പിപറഞ്ഞു. സി.പി.ഒമാരായ രഞ്ജിത്ത് ലാൽ, അനസ്, അനു വിജയൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പിടിയിലായ പ്രതികൾ മുമ്പ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചാവക്കാട് സി. പി ഒ ശെൽവരാജിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച് വരുന്നതായും എ.സി.പി. പറഞ്ഞു