ശിവശങ്കർ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു; തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്ക്: സ്വപ്ന സുരേഷ്

തിരുവനന്തപുരം: മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവങ്കറിനെതിരെ തുറന്നടിച്ച് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്വപ്ന, ശിവശങ്കറിനെതിരെ വിമർശനം ഉന്നയിച്ചത്. എം ശിവശങ്കറിന്റെ നാളെ പുറിത്തിറങ്ങുന്ന പുസ്തകം ‘അശ്വത്ഥാമാവ് വെറും ആന’യിലെ തനിക്കെതിരായ വിമർശനങ്ങൾക്കാണ് സ്വപ്ന മറുപടി നൽകിയത്. ജയിൽ മോചിതയായ ശേഷം ഒരു വാർത്താ ചാനലിന് സ്വപ്ന സുരേഷ് അഭിമുഖം നൽകുന്നത് ആദ്യമാണ്.

ഐ ഫോൺ നൽകി ശിവശങ്കറിനെ ചതിക്കേണ്ട കാര്യമില്ലെന്ന് സ്വപ്ന പറയുന്നു. യൂണിടാക് നിർദേശമനുസരിച്ചാണ് ശിവശങ്കറിന് ഐ ഫോൺ നൽകിയത്. ശിവശങ്കറിന് ഫോൺ മാത്രമല്ല നൽകിയതെന്നും സ്വപ്ന അഭിമുഖത്തിൽ പറയുന്നു. ഫോൺ തനിക്ക് നൽകിയത് സ്വപ്നയുടെ ചതിയെന്ന് ശിവശങ്കർ പുസ്തകത്തിൽ പറഞ്ഞിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിനെ തെരഞ്ഞെടുത്തത് എം ശിവശങ്കറിന്റെ അറിവോടെയാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇക്കാര്യം അറിയാമെന്ന് കരുതുന്നില്ല. ലൈഫ് മിഷൻ വിഷയവുമായി മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് ബന്ധമില്ലെന്നും സ്വപ്ന സുരേഷ് പറയുന്നു.

മൂന്നുവർഷത്തിലേറെയായി ശിവശങ്കർ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലാണ് പരിചയം തുടങ്ങുന്നത്. തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്കുണ്ട്. ഐ ടി വകുപ്പിൽ നിയമനം നേടിത്തന്നത് ശിവശങ്കറാണെന്നും സ്വപ്ന പറയുന്നു. എന്നാൽ നിയമനത്തിൽ പങ്കില്ലെന്ന് ശിവശങ്കർ പുസ്തകത്തിൽ പറഞ്ഞിരുന്നു. കോൺസുലേറ്റിൽ നിന്ന് രാജിവച്ചത് ശിവശങ്കർ പറഞ്ഞിട്ടാണെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

ശമ്പളമല്ലാതെ മറ്റൊരു വരുമാനവും ഇതുവരെ ഇല്ല. ശിവശങ്കറിന്റെ ഒരു ഫോൺ കോൾ വഴിമാത്രമാണ് ഐടി വകുപ്പിൽ ജോലി ശരിയായത്. ശിവശങ്കറിനെക്കുറിച്ച് പറയാൻ ഒരുപാട് രഹസ്യങ്ങളുണ്ട്. എന്നാൽ ചെളിവാരിയെറിയാൻ ആഗ്രഹിക്കുന്നില്ല. കോൺസുലേറ്റിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു. വി ആർ എസ് എടുത്ത് യു എ ഇയിൽ താമസമാകാമെന്ന് ശിവശങ്കർ പറഞ്ഞിരുന്നു ശിവശങ്കർ തന്നെ ചൂഷണം ചെയ്തുവെന്നും സ്വപ്ന പറയുന്നു. രണ്ടു മാസത്തിലൊരിക്കൽ ശിവശങ്കറുമായി ബെംഗളൂരുവിലേക്ക് ഉൾപ്പെടെ യാത്ര പതിവായിരുന്നുവെന്നും സ്വപ്ന അഭിമുഖത്തിൽ പറയുന്നു.

യു എ ഇ കോണ്‍സുലേറ്റില്‍നിന്ന് മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്തസംഭവത്തില്‍ അന്ന് മന്ത്രിയായിരുന്ന കെ ടി ജലീൽ നിരപരാധിയാണെന്നും സ്വപ്ന പറയുന്നു.