വീണ്ടും കുതിച്ച് രാജ്യാന്തര എണ്ണ വില
കൊച്ചി: രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര എണ്ണ വില വീണ്ടും പുതിയ ഉയരങ്ങളിലേക്കുള്ള കുതിപ്പ് തുടങ്ങി. ബാരലിന് വീണ്ടും 91 ഡോളര്‍ പിന്നിട്ടു. രാജ്യാന്തര വിപണികളില്‍ തുടരുന്ന അനശ്ചിതത്വങ്ങളാണ് വിലയില്‍ പ്രതിഫലിക്കുന്നത്. നിലവില്‍ ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് എണ്ണവില.
കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ എണ്ണ വിലയാണ് വീണ്ടും കുതിക്കുന്നത്. മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്രയും മാരകമാകില്ലെന്ന റിപ്പോര്‍ട്ടുകളും, ഹോസ്പിറ്റലൈസേഷന് കുറയുന്നതുമാണ് എണ്ണയ്ക്കു നേട്ടമായത്. കേസുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാത്തത് എണ്ണയ്ക്കു കരുത്താണ്. രാജ്യാന്തര എണ്ണവില കൂപ്പുകുത്തിയപ്പോള്‍ ഉറക്കം നടിച്ച എണ്ണക്കമ്പനികള്‍ ഉടനെ ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. എണ്ണക്കമ്പനികള്‍ വ്യാഴാഴ്ച വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. അതേസമയം വിമാന ഇന്ധനത്തിന്റെ വില റെക്കോഡിലെത്തിക്കുകയും ചെയ്തിരുന്നു.
രാജ്യം വീണ്ടും തെരഞ്ഞെടുപ്പു ചൂടിലാണെന്നതും പ്രാദേശിക വിപണികള്‍ക്ക് ആശ്വാസമാണ്. മുന്‍കാലങ്ങളിലും എണ്ണക്കമ്പനികള്‍ തെരഞ്ഞെടുപ്പു കാലത്ത് ഇന്ധനവില നിശ്ചലമായി നിലനിര്‍ത്തിയിരുന്നു. എണ്ണ വില കൂപ്പുകുത്തിയ മൂന്നു മാസങ്ങളില്‍ തുടര്‍ച്ചയായി മൗനം പാലിച്ച കമ്പനികളുടെ നീക്കങ്ങളിലേക്കാണ് ഏവരുടെയും കണ്ണുകള്‍ നീളുന്നത്. എണ്ണ വിലയിടിവ് പിടിച്ചുനിര്‍ത്തുന്നതിനായി ഒപെക് രാജ്യങ്ങള്‍ കൈക്കൊണ്ട നടപടികള്‍ ഫലം കാണുകയാണ്.സര്‍ക്കാര്‍ ഇളവുകള്‍ക്കു ശേഷം മൗനത്തിലേക്കു നീങ്ങിയതാണ് കമ്പനികള്‍. തുടര്‍ച്ചയായി മൂന്നു മാസത്തോളം രാജ്യാന്തര എണ്ണവില കൂപ്പുകുത്തിയിട്ടും കമ്പനികള്‍ കുലുങ്ങിയില്ല. സര്‍ക്കാരും എണ്ണക്കമ്പനികള്‍ക്കു മൗനസമ്മതം നല്കിയ മട്ടാണ്. ഡിസംബറില്‍ രാജ്യത്തെ പണപ്പെരുപ്പം കുതിക്കാനുള്ള പ്രധാന കാരണം ഇന്ധന വിലക്കയറ്റമാണ്. കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിനെ തുടര്‍ന്നായിരുന്നു രാജ്യാന്തര എണ്ണ വില കൂപ്പുകുത്തിയിരുന്നു. പിന്നീട്, ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയോളം ഭീകരമാകില്ലെന്ന റിപ്പോര്‍ട്ടുകളാണ് എണ്ണ വില ഉയരാന്‍ വഴിവച്ചത്.
ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 95.41 രൂപയാണ് വില. ഡീസൽ ലിറ്ററിന് 86.67 രൂപയും. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 104.46 രൂപയും ഡീസൽ ലിറ്ററിന് 91.40 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 106.36 രൂപയും ഡീസൽ ലിറ്ററിന് 93.47 രൂപയുമാണ് വില. ജൂൺ 26 മുതലാണ് ഇവിടെ പെട്രോൾ വില 100 രൂപ കടന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.06 രൂപയാണ് വില. ഡീസൽ ലിറ്ററിന് 91.40 രൂപയാണ് വില. കോഴിക്കോട് ഓഗസ്റ്റ് അഞ്ചിനാണ് പെട്രോൾ വില 100 രൂപയിലെത്തിയത്. ഒരു ലിറ്റർ പെട്രോളിന് ഇന്നലെ 104.49 രൂപയും ഡീസലിന് 91.83 രൂപയുമാണ് വില.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 91.53 ഡോളറിലാണ് വ്യപാരം നടക്കുന്നത്. ഇന്നലെ ഇത് 89.03 ഡോളറായിരുന്നു. രാജ്യാന്തര തലത്തില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നത് എണ്ണ ഉപഭോഗത്തില്‍ പ്രതിഫലിക്കുന്നുണ്ട്. എണ്ണവില ഉയര്‍ത്തുന്നതിനായി ഒപെക് രാജ്യങ്ങള്‍ ഉത്പാദനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചാല്‍ എണ്ണ ഉപയോഗത്തില്‍ വിള്ളലുണ്ടാകും. ഇങ്ങനെ സംഭവിച്ചാല്‍ എണ്ണവില വീണ്ടും കൂപ്പുകുത്തും. ഒപെക് രാജ്യങ്ങള്‍ ഉടനടി ഉത്പാദനം വര്‍ധിപ്പിക്കില്ലെന്നാണ് സൂചന. അതേസമയം ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടമുണ്ടായി. നിലവില്‍ 74.69 എന്ന നിലവാരത്തിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. വ്യാഴാഴ്ച ഇത് 74.85 ആയിരുന്നു.