മുഖ്യമന്ത്രിക്കെതിരായ കേസ്; രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചട്ടവിരുദ്ധമായി പണം വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ ഈ മാസം ഏഴിന് രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് ലോകായുക്തയുടെ നിര്‍ദേശം. കേസിലെ തുടര്‍വാദം 11 ന് ആരംഭിക്കും. അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍, മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായര്‍ എന്നിവരുടെയും കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന് അകമ്പടി പോകുന്നതിനിടെ മരണപ്പെട്ട പൊലീസുകാരന്റെയും കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം നല്‍കിയത് ചോദ്യം ചെയ്ത് ആര്‍എസ് ശശികുമാറാണ് ലോകായുക്തയെ സമീപിച്ചത്.

ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിക്കുമ്പോള്‍ മാനദണ്ഡം പാലിക്കേണ്ടതല്ലേ എന്നും ഒരു കുടുംബത്തിന് പണം നല്‍കുമ്പോള്‍ സാമ്പത്തിക ചുറ്റുപാട് പരിഗണിക്കേണ്ടതല്ലേ എന്നും ജസ്റ്റിസ് സിറിയക് ജോസഫ് വാക്കാല്‍ നിരീക്ഷിച്ചു. മന്ത്രിസഭയുടെ അനുമതി ഇല്ലാതെയാണ് പണം നല്‍കിയത് എന്നാണ് പരാതിക്കാരന്റെ വാദം. എന്നാല്‍ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് പണം അനുവദിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ധനസഹായം നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ അധികാര പരിധി ഏതു വരെയെന്ന് വ്യക്തത വരുത്താന്‍ സ്‌പെഷ്യല്‍ അറ്റോര്‍ണിയോട് വെള്ളിയാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചു.