എന്തൊക്കെയായിരുന്നു പുകിൽ? എന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ: കെ ടി ജലീൽ
മലപ്പുറം: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി മുൻമന്ത്രി കെ ടി ജലീൽ. കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ലെന്നും, എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെയെന്നും ജലീൽ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കും.
എന്തൊക്കെയായിരുന്നു പുകിൽ?
എന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ.
സത്യസന്ധമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. അത്കൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല.
കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ?
പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും!!!
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന” എന്ന പുസ്‌തകത്തിലെ പ്രധാന ഭാഗങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി സ്വപ്‌ന രംഗത്തുവന്നത്.
സ്വപ്ന തന്നെ ചതിച്ചതാണെന്നും സ്വർണക്കള്ളക്കടത്ത് അറിയില്ലെന്നുമാണ് ശിവശങ്കറിന്റെ പുസ്തകത്തിൽ പറയുന്നത്. ഇതോടെയാണ് കടുത്ത ആരോപണങ്ങളുമായി സ്വപ്ന ചാനലുകൾക്ക് മുന്നിലെത്തിയത്. ശിവശങ്കറിന് എല്ലാം അറിയാമായിരുന്നുവെന്ന് സ്വപ്ന വ്യക്തമാക്കി.
അതോടൊപ്പം മുൻമന്ത്രി ജലീലുമായി ഔദ്യോഗിക ബന്ധമാണുണ്ടായിരുന്നതെന്നും സ്വപ്ന പറഞ്ഞിരുന്നു. കോൺസലേറ്റ് ജനറലും ജലീലും അടുപ്പത്തിലായിരുന്നു. അദ്ദേഹവുമായി ഔദ്യോഗികമല്ലാത്ത ബന്ധങ്ങളൊന്നുമുണ്ടായില്ല. താനായിട്ട് ഒരു മന്ത്രിയെയോ എം.എൽ.എയോ മന്ത്രിമാരുടെ പി.എ മാരെയോ വിളിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു