തിരൂർ ജില്ലാ ആശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോട് കൂടിയുള്ള ഗ്യാസ്ട്രോഎൻട്രോളജി വിഭാഗവും എൻഡോസ്കോപ്പി യൂണിറ്റും ഒരുങ്ങുന്നു
മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 100ദിന – 100കോടി കർമ്മ പദ്ധതിയുടെ ഭാഗമായി 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് തിരൂർ ജില്ലാ ആശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോട് കൂടിയുള്ള ഗ്യാസ്ട്രോഎൻട്രോളജി വിഭാഗവും എൻഡോസ്കോപ്പി യൂണിറ്റും ഒരുങ്ങുന്നു.
ഉദര സംബന്ധ രോഗങ്ങൾ വഴി ഉണ്ടാകുന്ന കാൻസർ വളരെ നേരത്തെ കണ്ടത്താൻ സഹായിക്കുന്ന ഏറ്റവും പുതിയ സംവിധാനമായ BLI, LCI സാങ്കേതിക വിദ്യ ലഭ്യമാകുന്ന മലപ്പുറം ജില്ലയിലെ ഏക സെന്റർ ആണ് തിരൂർ ജില്ലാ ആശുപത്രിയിൽ സജ്ജമായിട്ടുള്ളത്.
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണിപൂർത്തീകരിച്ച പദ്ധതി ഫെബ്രുവരി 7 ന് തിങ്കൾ രാവിലെ 09 മണിക്ക് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് അധ്യക്ഷയാകുന്ന ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: റഫീഖ ഉദ്ഘാടനം ചെയ്യും.
അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയേ ബാധിക്കുന്ന കാൻസർ അടക്കമുള്ള എല്ലാ രോഗങ്ങളും വളരെ നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന രോഗ നിർണ്ണയ സംവിധാനങ്ങളായ എൻഡോസ്കോപ്പി, കോളണോസ്കോപ്പി എന്നീ അതി നൂതന സംവിധാങ്ങൾ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിന് കീഴിൽ തിരൂർ ജില്ലാ ആശുപത്രിയിൽ തയ്യാറായി കഴിഞ്ഞു.
ഇത്തരം രോഗങ്ങൾ കൊണ്ട് സാമ്പത്തിക പ്രയാസമനുഭവിക്കുകയും വൻകിട ആശുപത്രികളെ ആശ്രയിക്കേണ്ടിയും വന്നിരുന്ന പാവപ്പെട്ട രോഗികൾക്ക് ഇത് വലിയ ആശ്വാസമാകും.
കരൾ രോഗങ്ങളായ ലിവർസിറോസിസ്, ഫാറ്റി ലിവർ ഡിസീസ്, കരൾവീക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനുള്ള Fibroscan എന്ന രോഗ നിർണ്ണയ സംവിധാനം കഴിഞ്ഞ രണ്ട് മാസമായി നിശ്ചിതദിവസങ്ങളിൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിന് കീഴിൽ തിരുർ ജില്ലാ ആശുപത്രിയിൽ നടന്നു കൊണ്ടിരിക്കുന്നു.
ദേശീയ വൈറൽ ഹെപ്പറ്ററ്റിസ് നിയന്ത്രണ പരിപാടിയുടെ കീഴിലുള്ള ചികിത്സാകേന്ദ്രം കൂടിയാണ് തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്നത്.
പ്രസ്തുത പദ്ധതിക്ക് കീഴിൽ Hepatitis B, Hepatitis C, എന്നീ രോഗങ്ങൾക്കുള്ള നിർണ്ണയവും ചികിത്സയും, തുടർ ചികിത്സയും സൗജന്യമായി നിലവിൽ ജില്ലാ ആശുപത്രിയിൽ തുടർന്ന് കൊണ്ടിരിക്കുന്നു.