കരിപ്പൂർ വിമാനത്താവളത്തെ തകർക്കാൻ ബോധപൂർവ്വമായ പരിശ്രമങ്ങൾ നടക്കുന്നു: പി പി സുനീർ
കൊണ്ടോട്ടി: മലബാറിന്റെ വികസന സ്വപ്നങ്ങളുടെ ചിറകരിയുന്നതിന് വേണ്ടി കരിപ്പൂർ വിമാനത്താവളത്തെ തകർക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ബോധപൂർവ്വമായ പരിശ്രമങ്ങൾ ഉണ്ടാവുകയാണെന്ന് പ്രവാസി ഫെഡറേഷൻ കോഴിക്കോട് മലപ്പുറം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ നോടുള്ള അവഗണനക്കെതിരെ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി സുനീർ ആരോപിച്ചു. വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചും, റൺവേയുടെ നീളം വെട്ടിക്കുറച്ചും, തിരുവനന്തപുരം മോഡലിൽ കരിപ്പൂരിനെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നതിന് വേണ്ടിയിട്ടാണ് കേന്ദ്രസർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് സാധാരണക്കാരെ കുടിയിറക്കിയിട്ടാണ് കരിപ്പൂർ വിമാനത്താവളം സാധ്യമാക്കിയത്. നാടിന്റെ വികസനമോർത്ത് ഭൂമി നൽകിയവരെ അവഹേളിക്കുകയാണ് വിമാനത്താവളം സ്വകാര്യ വത്ക്കരിക്കുന്നതിലൂടെ കേന്ദ്ര ഗവൺമെന്റ് ചെയ്യുന്നത്. വിഷയത്തിൽ മുസ്ലിം ലീഗ് കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു. പ്രവാസി ഫെഡറേഷൻ മലപ്പുറം ജില്ല സെക്രട്ടറി ഇരുമ്പന്‍ സൈതലവി സ്വാഗതം പറഞ്ഞു. ടി പി റഷീദ് അധ്യക്ഷനായി.
പ്രവാസി ഫെഡറേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് വേണു, മലപ്പുറം ജില്ലാ പ്രസിഡന്റ് ഇ പി ബഷീർ, എഐവൈഎഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് സി പി നിസാർ തുടങ്ങിയവര്‍ സംസാരിച്ചു. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് കടലുണ്ടി നന്ദിയും പറഞ്ഞു.