Fincat

ഇന്ന് കോളേജുകൾ തുറക്കുന്നു, പത്ത്, പ്ളസ് വൺ, പ്ളസ്ടു ക്ളാസുകൾ മുഴുവൻ സമയവും

തിരുവനന്തപുരം:മൂന്നാഴ്ചയിലേറെ അടച്ചിട്ട ശേഷം സംസ്ഥാനത്തെ കോളേജുകൾ ഇന്നു മുതൽ തുറക്കുന്നു. കൊവിഡ് കുറഞ്ഞതിനെ തുടർന്നാണ് സർക്കാർ തീരുമാനം. ക്ളാസുകളെല്ലാം അണുനശീകരണം നടത്തി വൃത്തിയാക്കാൻ കോളേജ് അധികൃതർക്ക് നിർദ്ദേശം ലഭിച്ചിരുന്നു. കൊവിഡ് കൂടുകയും ചില കോളേജുകളിൽ ക്ളസ്റ്ററുകൾ രൂപപ്പെടുകയും ചെയ്തതോടെയാണ് ജനുവരി രണ്ടാം വാരത്തോടെ കോളേജുകൾ പൂട്ടിയത്. നിലവിലെ പ്രവർത്തന സമയം തന്നെയാകും കോളേജുകൾക്ക്.

ഇന്നു മുതൽ പത്ത്, പ്ളസ് വൺ, പ്ളസ് ടു ക്ളാസുകളുടെ സമയം പഴയരീതിയിലാക്കി. പത്താം ക്ളാസിന് രാവിലെ 9.30 മുതൽ 3.30 വരെയും പ്ളസ് വൺ, പ്ളസ് ടു ക്ളാസുകൾക്ക് വൈകിട്ട് 4.30 വരെയുമാണ് സമയം. 14 മുതലാണ് ഒന്നു മുതൽ 9 വരെയുള്ള ക്ളാസുകൾ തുറക്കുക. ക്ളാസുകളുടെ പ്രവർത്തനത്തിന് മാർഗരേഖ തയാറാക്കാൻ ഇന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം ചേരും.