മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പ് വഴിയിൽ നിർത്തിയിട്ടു; പൊലീസുകാർക്കെതിരെ ആരോപണവുമായി കുടുംബം
പാലക്കാട്: പൊലീസിനെതിരെ ആരോപണവുമായി അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബം. മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പ് വഴിയിൽ നിർത്തിയിട്ടു. മുക്കാലിക്കടുത്ത് പറയൻ കുന്നിലാണ് വണ്ടി നിർത്തിയിട്ടതെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു.
ജീപ്പ് നിർത്തിയത് എന്തിനാണെന്നും, പൊലീസുകാർ സഹോദരനെ മർദ്ദിച്ചോ എന്ന് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. പ്രധാന സാക്ഷികളിൽ ഭൂരിഭാഗം പേരും പ്രതികളുമായി അടുപ്പമുള്ളവരാണെന്നും, ഇവർ കൂറുമാറാനുള്ള സാദ്ധ്യതയുണ്ടെന്നും സരസു പറഞ്ഞു.
കേസിലെ ഒന്നാം പ്രതി ഹുസൈൻ, മൂന്നാം പ്രതി ഷംസുദ്ദീൻ, പതിനാറാം പ്രതി മുനീർ എന്നിവർ മധുവിനെ ക്രൂരമായി മർദ്ദിച്ചുവെന്ന് വ്യക്തമാക്കുന്ന കുറ്റപത്രത്തിന്റെ പകർപ്പ് ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടിട്ടുണ്ട്.
2018 ഫെബ്രുവരി 22നാണ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്നത്. മുക്കാലി മേഖലയിലെ കടകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് മധുവിനെ കെട്ടിയിട്ട് തല്ലുകയായിരുന്നു.