വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ നവീകരിച്ച ലേബര്‍ റൂമില്‍ ആദ്യപ്രസവം. ജില്ലയില്‍ ആരോഗ്യ രംഗത്ത് ഒരു പൊന്‍തൂവല്‍ കൂടി

.

മലപ്പുറം: ആരോഗ്യ വകുപ്പിന്ന് അഭിമാനമായി വണ്ടൂര്‍ താലൂക്കാശുപത്രിയിലെ നവീകരിച്ച ലേബര്‍ റൂമില്‍ ആദ്യ പ്രസവം നടന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വണ്ടൂര്‍ താലൂക്കാശുപത്രിയിലെ നവീകരിച്ച ലേബര്‍ റൂമില്‍ ആദ്യമായി ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. 2016 മെയ് മാസം മുതല്‍ പ്രസവ ചികിത്സാ വിഭാഗം കൈകാര്യം ചെയ്തിരുന്ന അസ്സിസ്റ്റന്‍റ് സര്‍ജ്ജന്‍ സ്ഥലം മാറി പോയതിനാല്‍ പ്രസവ ചികിത്സാ വിഭാഗം താത്കാലികമായി നിര്‍ത്തി വച്ചിരുന്നു. പിന്നീട് എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തില്‍ ബ്ലോക്ക് ഭരണ സമിതി മുന്‍ കൈയെടുത്ത് നവീകരിച്ച രീതിയില്‍ പ്രസവ ചികിത്സാ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്തു.

മലപ്പുറം ജില്ലാ കലക്റ്ററുടെ നേതൃത്വത്തില്‍ നടന്ന ജില്ലാ ആര്‍.ആര്‍.ടി. യോഗത്തില്‍ വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ പ്രസവ ചികിത്സ തുടങ്ങുന്നതിന്നായി തീരുമാനം എടുക്കുകയും, അതനുസരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് മുഖാന്തിരവും ആരോഗ്യ കേരളം വഴിയും ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും ചെയ്തു. തുടര്‍ന്ന് ബ്ലോക്ക് ഭരണ സമിതി മുഖാന്തിരം 50 ലക്ഷം രൂപ പ്രസവ ചികിത്സാ വിഭാഗത്തിലെ ഉപകരണങ്ങള്‍ക്കും മരുന്നിനുമായി ചെലവഴിക്കുകയും, 20 ലക്ഷം രൂപയുടെ ആരോഗ്യ കേരളം ഫണ്ട് ഉപയോഗിച്ച് ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് സജ്ജമാക്കുകയും കാസ്പ് ഫണ്ട് ഉപയോഗിച്ച് ജനറേറ്റര്‍, റാംപ് എന്നീ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. ആശുപത്രി എച്ച്.എം.സി. യും സ്റ്റാഫ് കൗണ്‍സിലും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിന്ന് പൂര്‍ണ്ണ പിന്തുണ നല്കി. 42 കിടക്കകളാണ് അനുവദിക്കപ്പെട്ടിട്ടുള്ളതെങ്കിലും 110 ഓളം കിടക്കകള്‍ സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ അടക്കമുള്ള സൗകര്യത്തോടെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

തുടര്‍ന്ന് ആരോഗ്യ കേരളം വഴി സ്പെഷ്യാലിറ്റി പ്രസവചികിത്സ വിഭാഗം ആരംഭിക്കുന്നതിന്ന് ഒരു ഗൈനക്കോളജിസ്റ്റിനെ നിയമിക്കുകയും ചെയ്തു. ഇതോട് കൂടി സ്ഥാപനത്തില്‍ രണ്ട് ഗൈനക്കോളജിസ്റ്റ്മാരുടെ സേവനം ലഭ്യമാക്കാന്‍ സാധിച്ചതിനാല്‍ ജനുവരി മുതല്‍ ഗൈനക്ക് ഓ.പി. കാര്യക്ഷമമായി നടക്കുകയും കഴിഞ്ഞ ദിവസങ്ങളിലായി അഡ്മിഷന്‍ ആരഭിക്കുകയും ചെയ്തു. അങ്ങനെ കഴിഞ്ഞ ദിവസമാണ് വണ്ടൂര്‍ സ്വദേശിയായ യുവതി ഇവിടെ ഒരു കുഞ്ഞിന് ജന്മം നല്കിയത്.