പി.വി.അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വേ പൊളിക്കുന്നത് നിർത്തി വയ്ക്കണമെന്ന അബ്ദുൽ ലത്തീഫിന്റെ ഹർജി ഹൈക്കോടതി തള്ളി
മലപ്പുറം: കക്കാടംപൊയിലിനടുത്ത് ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ സ്ഥലത്തെ വിവാദ തടയണക്ക് കുറുകെ പണിത റോപ് വെ പൊളിക്കുന്നത് നിർത്തിവെക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. എംഎൽഎയുടെ രണ്ടാം ഭാര്യയുടെ പിതാവ് കോഴിക്കോട് തിരുവണ്ണൂർ സ്വദേശി അബ്ദുൽലത്തീഫിന്റെ ഹർജിയാണ് ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് തള്ളിയത്.
ഊർങ്ങാട്ടിരി പഞ്ചായത്തിൽ നിന്നും ഹോട്ടൽ പണിയാനുള്ള ബിൽഡിങ് പെർമിറ്റ് നേടിയ ശേഷം നിയമവിരുദ്ധമായാണ് തടയണക്ക് കുറുകെ റോപ് വെ കെട്ടിയത്. നിലമ്പൂർ സ്വദേശി എംപി വിനോദിന്റെ പരാതിയെ തുടർന്ന് അനധികൃത നിർമ്മാണം പൊളിച്ചുനീക്കാൻ 2017 ജൂലൈ 12ന് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി അബ്ദുൽലത്തീഫിന് നോട്ടീസ് നൽകിയിരുന്നു.
റോപ് വെ പൊളിച്ചുനീക്കാഞ്ഞതോടെ പരാതിക്കാരൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാനെ സമീപിക്കുകയായിരുന്നു. റോപ് വെ പൊളിക്കാനുള്ള ഓംബുഡ്സ്മാന്റെ ഉത്തരവിനെ തുടർന്ന് റോപ് വെ പൊളിച്ചുനീക്കാൻ വീണ്ടും പഞ്ചായത്ത് 2021 നവംബർ 17ന് അബ്ദുൽ ലത്തീഫിന് നോട്ടീസ് നൽകി. തന്റെ വാദം കേൾക്കാതെയാണ് ഈ നോട്ടീസെന്നു കാണിച്ചാണ് റോപ് വെ പൊളിക്കൽ നിർത്തിവെക്കാൻ അബ്ദുൽലത്തീഫ് ഹൈക്കോടതിയെ സമീപിച്ചത്.
യാതൊരു അനുമതിയുമില്ലാതെയാണ് റോപ് വെ നിർമ്മിച്ചതെന്നു നിരീക്ഷിച്ച കോടതി റോപ് വെ പൊളിക്കാനുള്ള 2017ലെ നോട്ടീസിന്റെ തുടർച്ചയാണ് രണ്ടാമത്തെ നോട്ടീസെന്നും വിലയിരുത്തി. അബ്ദുൽ ലത്തീഫ് ഓംബുഡ്സ്മാനിലെ കേസിലെ കക്ഷിയായതിനാൽ ഓംബുഡ്സ്മാനെ സമീപിക്കാമെന്നു പറഞ്ഞാണ് ഹൈക്കോടതി ഹർജി തള്ളിയത്.
നേരത്തെ ചീങ്കണ്ണിപ്പാലിൽ ആദിവാസികൾക്ക് കുടിവെള്ളമാകേണ്ട കാട്ടരുവിയിൽ പി.വി അൻവർ കെട്ടിയ തടയണ പൊളിക്കാൻ മലപ്പുറം കളക്ടർ ഉത്തരവിട്ടിരുന്നു. ഇതോടെ ഈ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. തന്റെ വാദം കേൾക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച് അബ്ദുൽലത്തീഫിന്റെ ഹരജിയിൽ തടയണപൊളിക്കുന്നതിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ നൽകിയിരുന്നു. തുടർന്ന് പരാതിക്കാരൻ കേസിൽ കക്ഷിയാവുകയും തടയണക്കെതിരായി കേരള നദീസരംക്ഷണ സമിതിയുടെ പൊതുതാൽപര്യ ഹർജിയും എത്തിയതോടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻബെഞ്ചിലേക്ക് കേസ് മാറി.
കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ച് അബ്ദുൽലത്തീഫിന്റെ ഹരജി തള്ളി തടയണ പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു. ഇവിടെ അനുമതിയില്ലാത്ത ഒരു അനധികൃത നിർമ്മാണവും പാടില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.ചീങ്കണ്ണിപ്പാലിയിലെ റോപ് വെ പൊളിക്കുന്ന പ്രവൃത്തി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഇന്നലെ ആരംഭിച്ചിട്ടുണ്ട്.
അഞ്ചു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പി.വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചുനീക്കാൻ തുടങ്ങിയത്. റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവിൽ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ എംഎൽഎയുടെ ഭാര്യാപിതാവ് സി.കെ അബ്ദുൽലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ രണ്ടുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പൊളിക്കൽ തുടങ്ങിയത്. പരാതിക്കാരനായ നിലമ്പൂർ സ്വദേശി എംപി വിനോദ് നടത്തിയ അഞ്ച് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് റോപ് വെ പൊളിക്കുന്നത്.
1,47000 രൂപയുടെ ടെൻഡർ പ്രകാരമാണ് പൊളിക്കൽ ആരംഭിച്ചത്. റോപ് വെയുടെ ഉരുക്കുവടങ്ങൾ അഴിച്ചു മാറ്റിയ ശേഷം തടയണക്ക് മറുകരയിലെ മലയിലുള്ള റോപ് വെയുടെ രണ്ട് തൂണുകളിൽ ഒന്നാണ് പൊളിക്കാൻ ആരംഭിച്ചത്. പത്ത് ദിവസം കൊണ്ട് പൊളിക്കൽ നടപടി പൂർത്തീകരിക്കുമെന്നാണ് കരാറുകാരൻ പറയുന്നത്.
നേരത്തെ രണ്ട് തവണ റോപ് വെ പൊളിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പഞ്ചായത്ത് നടപ്പാക്കിയിരുന്നില്ല. വീഴ്ചവരുത്തിയാൽ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും പിഴ ഈടാക്കുമെന്ന് ഓംബുഡ്സ്മാൻ കർശന നിലപാടെടുത്തതോടെയാണ് റോപ് വെ പൊളിക്കാൻ പഞ്ചായത്ത് തയ്യാറായത്. റോപ് വെ പൊളിക്കാൻ പല തവണ പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടും അബ്ദുൽലത്തീഫ് തയ്യാറായിരുന്നില്ല. ഓംബുഡ്സ്മാൻ ഉത്തരവ് വന്നതോടെ പൊളിച്ചുനീക്കാൻ 15 ദിവസത്തെ സാവകാശം തേടി അബ്ദുൽലത്തീഫ് പഞ്ചായത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ പഞ്ചായത്ത് ഈ ആവശ്യം തള്ളുകയായിരുന്നു.
ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിൽ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ പി.വി അൻവർ കെട്ടിയ തടയണ പൊളിച്ചുനീക്കാൻ നേരത്തെ മലപ്പുറം കളക്ടർ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് തടയണയും റോപ് വെയും ഉൾപ്പെടുന്ന സ്ഥലം എംഎൽഎ ഭാര്യാ പിതാവിന്റെ പേരിലേക്ക് മാറ്റിയത്. തുടർന്ന് ഭാര്യാപിതാവ് സി.കെ അബ്ദുൽലത്തീഫ് ഊർങ്ങാട്ടിരി പഞ്ചായത്തിൽ നിന്നും റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാൻ പെർമിറ്റ് നേടിയ ശേഷം തടയണക്ക് കുറുകെ നിയമവിരുദ്ധമായി റോപ് വേ നിർമ്മിക്കുകയായിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി 2017 മെയ് 18ന് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് വിനോദ് പരാതി നൽകിയെങ്കിലും നിയമവിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ചുനീക്കാൻ നടപടിയുണ്ടായില്ല. റോപ് വെ പണിയാൻ സൗകര്യം ചെയ്തുകൊടുത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കി അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലിന് നൽകിയ പരാതിയിലും നടപടിയുണ്ടായില്ല. ഇതോടെയാണ് 2018ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനെ സമീപിച്ചത്.
ഉരുൾപൊട്ടലിനെ തുടർന്ന് കോഴിക്കോട് കളക്ടർ അടച്ചുപൂട്ടിയ പി.വി അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ വിവാദ വാട്ടർതീം പാർക്കിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണയും തടയണക്ക് കുറുകെ മൂന്നു മലകളെ ബന്ധിപ്പിച്ച് പണിത റോപ് വെയും. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ചീങ്കണ്ണിപ്പാലിയിലെ തടയണ ഭാഗികമായി പൊളിച്ചുനീക്കിയതിന് പിന്നാലെ തടയണക്ക് കുറുകെയുള്ള റോപ് വെയും പൊളിക്കുന്നത് പി.വി അൻവർ എംഎൽഎക്ക് കനത്ത തിരിച്ചടിയാവുകയാണ്. അതേ സമയം റോപ് വെ പോയാൽ രോമം പോയപോലെയെന്നാണ് പി.വി അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. സ്വർണഖനന ബിസിനസുമായി ന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലാണിപ്പോൾ അൻവർ. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനു ശേഷം സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിനു പോലും കാത്തുനിൽക്കാതെയാണ് അൻവർ ആഫ്രിക്കയിലേക്ക് കടന്നത്.