വിമാന യാത്രാനിരക്ക് കുറക്കാൻ ഇടപെടൽ വേണം
പൊന്നാനി: ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് താങ്ങാൻ കഴിയാത്ത വിധം വർധിപ്പിച്ച വിമാനായാത്രാ നിരക്ക് അടിയന്തരമായി കുറക്കണമെന്ന് കെ.പി.സി.സി അംഗം വി.സെയ്ദ് മുഹമ്മദ് തങ്ങൾ ആവശ്യപ്പെട്ടു.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഗൾഫ് നാടുകളിൽ നിന്ന് പ്രവാസികൾ കൂടുതലായി മടങ്ങുകയാണ്.
യു.എ.ഇയിൽ മാർച്ച് അവസാനത്തോടെ സ്‌കൂളുകൾ തുറക്കുകയും
ചെയ്യുന്നതിനാൽ പ്രവാസികൾ കുടുംബത്തോടെ നാട്ടിലേക്ക് തിരിച്ചെത്തുന്ന സാഹചര്യവും നിലനിൽക്കുന്നു.
ഇതിനെ മുതലെടുത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് ദിനേന കുത്തനെ ഉയർത്തുകയാണ്.
നിലവിലുള്ള നിരക്കിനെക്കാൾ അഞ്ചിരട്ടിയിലേറെയാണ്
വർധനവ്.
ഈമാസം ദുബായ്-കോഴിക്കോട് ടിക്കറ്റ് നിരക്ക് 10,000 മുതൽ 40,000 വരെയായിരുന്നു. അതു മാർച്ചിൽ 48,930 മുതൽ 1,95,960 രൂപ വരെയായി ഉയർന്നു. 10,000 മുതൽ 20,000 വരെയുണ്ടായിരുന്ന അബുദാബി-കോഴിക്കോട് ടിക്കറ്റ് നിരക്ക് 15,000 മുതൽ 1,50,000 വരെയെത്തി. 6000 മുതൽ 30,000 വരെയുണ്ടായിരുന്ന ഷാർജ-കോഴിക്കോട് ടിക്കറ്റ് നിരക്ക് രണ്ടുലക്ഷം രൂപ വരെയായി. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ടിക്കറ്റ് നിരക്കുകളിലും വലിയതോതിലുള്ള വർധനയുണ്ട്.
നാട്ടിൽ നിർബന്ധിത ക്വാറന്റീൻ ചട്ടം പിൻവലിച്ചതോടെയാണ് പ്രവാസികൾ നാട്ടിലേക്കുമടങ്ങാൻ താത്പര്യം കാണിച്ചുതുടങ്ങിയത്.
കോവിഡും അനുബന്ധ വിഷയങ്ങളും ഏറ്റവും കൂടുതൽ ബാധിച്ചത് പ്രവാസികളെയാണ്.
ഇതിൽ നിന്നും കരകയറി
വരുന്ന പ്രവാസികൾക്ക് നിരക്ക് വർധനവ് താങ്ങാൻ കഴിയാത്തതാണ്.
അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെട്ട് ഭീമമായ നിരക്ക് വർധനവ് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.