സ്‌കൂളുകളുടെ പൂര്‍ണമായ പ്രവര്‍ത്തനം: ഒരുക്കങ്ങള്‍ വിലയിരുത്തി

ജില്ലയില്‍ സ്‌കൂളുകള്‍ ഫെബ്രുവരി 21 മുതല്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട മുന്‍കരുതലുകളും ഒരുക്കങ്ങളും ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേം കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഫെബ്രുവരി 21 മുതല്‍ സ്‌കൂള്‍ സമയം രാവിലെ മുതല്‍ വൈകീട്ട് വരെ അതത് സ്‌കൂളുകളുടെ സാധാരണ നിലയിലുളള ടൈംടേബിള്‍ അനുസരിച്ചാണ് നടക്കുക. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി  ദിവസങ്ങള്‍ ഒഴികെയുളള എല്ലാ  ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും. എല്ലാ  ശനിയാഴ്ചകളിലും  സ്‌കൂള്‍തല  എസ്.ആര്‍.ജി ചേര്‍ന്ന്  പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും  കുട്ടികളുടെ  പഠനനേട്ടം  ഉറപ്പു വരുത്തുന്നതിന് അനുയോജ്യമായ മാര്‍ഗങ്ങള്‍ അവലംബിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.