സുപ്രീംകോടതി വിധി മാനിച്ച് കെഎസ്ഇബിയിൽ ഉടൻ പ്രമോഷനുകൾ നൽകണം; കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ

മലപ്പുറം: സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി റെഗുലേഷനുമായി ബന്ധപ്പെട്ട് വൈദ്യുതി ബോർഡിൽ വിളംബപ്പെട്ടുപോയ സ്ഥാനക്കയറ്റങ്ങൾ പരമോന്നത നീതിപീഠത്തിന്റെ വിധിയെ അടിസ്ഥാനപ്പെടുത്തി ഉടൻ നൽകണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം പി ഗോപകുമാർ വൈദ്യുതി ബോർഡ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു.
ഇലക്ട്രിസിറ്റി ആക്ട് 2003 അടിസ്ഥാനമാക്കി സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി ചട്ടങ്ങൾ പുറപ്പെടുവിച്ചപ്പോൾ ഹൈടെൻഷൻ ലൈനുകളിലും പ്രതിഷ്ഠാപനങ്ങളിലും പണിയെടുക്കുന്ന ജീവനക്കാർക്ക് ഇലക്ട്രിക്കൽ ഇൻജിനീയറിംഗ് ബിരുദമോ ഡിപ്ലോമയോ വേണമെന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ റെഗുലേഷൻ 116 പ്രകാരം ജീവനക്കാരുടെ യോഗ്യതയിൽ ഇളവനുവദിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ടെന്ന വസ്തുത ചൂണ്ടിക്കാട്ടി വർക്കേഴ്‌സ് ഫെഡറേഷൻ ഒന്നാം എൽഡിഎഫ് സർക്കാരിലെ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ യൂണിയനുകളുമായി മന്ത്രിതല ചർച്ച നടക്കുകയും തുടർന്ന് ജീവനക്കാരുടെ യോഗ്യതയിൽ ഇളവനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവാകുകയും ചെയ്തു. ജീവനക്കാരുടെ പ്രമോഷൻ വിഷയത്തിൽ കരിനിഴൽ വീഴ്ത്തിയ സാഹചര്യം ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കത്ത് നൽകുകയുമുണ്ടായി. ജീവനക്കാരുടെ യോഗ്യതയിൽ ഇളവ് വരുത്തിയ സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത് ഏതാനും ജീവനക്കാർ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കുകയുമുണ്ടായി. തുടർന്ന് വൈദ്യുതി ബോർഡും വിവിധ തൊഴിലാളി സംഘടനകളും ഡിവിഷൻ ബഞ്ചിൽ അപ്പീൽ സമർപ്പിക്കുകയും ഡിവിഷൻ ബഞ്ച് അനുകൂല വിധി പ്രസ്താവിക്കുകയുമുണ്ടായി. ഡിവിഷൻ ബഞ്ച് വിധിക്കെതിരെ ഏതാനും ജീവനക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും വൈദ്യുതി ബോർഡും കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ ഉൾപ്പെടെയുള്ള സംഘടനകളും കേസിൽ കക്ഷി ചേരുകയുമുണ്ടായി. ഇപ്പോൾ രാജ്യത്തിന്റെ പരമോന്നത നീതിപീഠം ബോർഡിനും ജീവനക്കാരുടെ സംഘടനകൾക്കും അനുകൂലമായി വിധി പുറപ്പെടുവിച്ചതോടെ വിളംബപ്പെട്ടുപോയ എല്ലാ പ്രമോഷനുകളും അടിയന്തിരമായി നൽകുവാൻ അനുകൂല സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുകയാണ്. ജീവനക്കാർക്ക് അടിയന്തിര നീതി ഉറപ്പാക്കാൻ വിളംബപ്പെട്ടുപോയ പ്രമോഷനുകൾ ഉടൻ നൽകണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ ബോർഡ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു.