ആന്ധ്രയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന വാഹനത്തിന്റെ ഉടമ മയക്കുമരുന്ന് കേസിൽ പിടിയിൽ
മലപ്പുറം: നിലമ്പൂർ കൂറ്റമ്പാറയിൽ 181 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസിൽ ഒരാൾ കൂടി എക്സൈസിന്റെ പിടിയിലായി. കഞ്ചാവ് ആന്ധ്രാപ്രദേശിൽ നിന്നു കൊണ്ടുവരുന്നതിനായി ഉപയോഗിച്ച ബൊലേറോ പിക്കപ്പിന്റെ ഉടമ ഗൂഡല്ലൂർ ഒന്നാം മൈൽ സ്വദേശി അബ്ദുൾ നിസാറി (38)നെയാണ് ഉത്തരമേഖലാ എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ. ബൈജുവും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
2021 സെപ്റ്റംബർ 17 നായിരുന്നു കൂറ്റമ്പാറയിൽ വച്ച് 181 കിലോഗ്രാം കഞ്ചാവും ഒരു കിലോഗ്രാം ഹാഷിഷ് ഓയിലുമായി നാലു പേരെ നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടറും സംഘവും പിടികൂടിയത്. കഞ്ചാവും ഹാഷിഷ് ഓയിലും കടത്തി കൊണ്ടു വരുന്നതിനായി ഉപയോഗിച്ച ഹോണ്ട സിറ്റി കാറും ഒരു ബൊലേറോ പിക്കപ്പ് വാഹനവും പിടിച്ചെടുത്തിരുന്നു. പിന്നീട് കേസിന്റെ അന്വേഷണം എക്സൈസ് കമ്മീഷണർ എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി.
പിടിച്ചെടുത്ത പിക്കപ്പ് വാഹനത്തിന്റെ ഉടമ അറിഞ്ഞു കൊണ്ടു വാഹനം കഞ്ചാവ് കടത്തിനു വിട്ടുകൊടുത്തതായി എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ കേസിൽ 10-ാം പ്രതിയായ വാഹന ഉടമ അബ്ദുൾ നിസാറിനെ അറസ്റ്റു ചെയ്തത്. ആന്ധ്രാപ്രദേശിൽ നിന്നു കഞ്ചാവു കൊണ്ടുവന്ന ഗൂഡല്ലൂർ സ്വദേശികളായ ഡ്രൈവറെയും സഹായിയെയും എക്സൈസ് ക്രൈംബ്രാഞ്ച് കഴിഞ്ഞ രണ്ടിനു അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിൽ ഒളിവിൽ പോയ മൂന്നു പ്രതികൾക്കെതിരെ എക്സൈസ് ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനിരിക്കുകയാണ്.അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.വി. സുഗന്ധകുമാർ, കെ. സുധീർ, പി. സജീവ്, സിവിൽ എക്സൈസ് ഓഫീസർ ജിബിൽ, എക്സൈസ് ഡ്രൈവർ രാജേഷ് എന്നിവരും ഉണ്ടായിരുന്നു.