ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് കേരളത്തിന്റെ കായിക കുതിപ്പിന് ഉണര്‍വേകും: വി.അബ്ദുറഹിമാന്‍
ഏപ്രില്‍ രണ്ട് മുതല്‍ ആറുവരെ കാലിക്കറ്റ് സര്‍വകലാശാല
സ്റ്റേഡിയത്തിലാണ് മത്സരം
കേരള അത്ലറ്റിക്സിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാനം ആതിഥ്യം വഹിക്കുന്ന ദേശീയ ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് സംസ്ഥാനത്തിന്റെ കായിക കുതിപ്പിന് ഉണര്‍വേകുമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സിന്റെ 25-ാം വാര്‍ഷികമാണ് ഈ വര്‍ഷം. ഇതിന്റെ ആഘോഷമായാണ് ഇത്തവണത്തെ അത്ലറ്റിക്സ് നടത്തുക. ഏപ്രില്‍ രണ്ട് മുതല്‍ ആറുവരെ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയിലെ പ്രമുഖ ഒളിമ്പ്യന്മാരടക്കം ഏകദേശം 800ഓളം കായികതാരങ്ങള്‍ പങ്കെടുക്കും. കോവിഡിന് ശേഷമുള്ള ഒരു കായിക കുതിപ്പിനാണ് കേരളം ഈ ചാമ്പ്യന്‍ഷിപ്പിലൂടെ സാക്ഷ്യം വഹിക്കുക. അതുകൊണ്ടു ചാമ്പ്യന്‍ഷിപ്പ് ഏറ്റവും മികച്ചരീതിയില്‍ നടത്താനാണ് സര്‍ക്കാരിന്റെയും ദേശീയ അത്ലറ്റിക്സ് ഫെഡറേഷന്റെയും ശ്രമം. അത്ലറ്റിക്സിനായി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കായിക സൗകര്യങ്ങള്‍ വിനിയോഗിക്കും. ഇത്തരം ദേശീയ മത്സരങ്ങള്‍ മലബാറിന്റെ കായിക കുതിപ്പിന് ഉണര്‍വേകുമെന്നും മന്ത്രി പറഞ്ഞു.
ഈ വര്‍ഷം നാല് ദേശീയ കായിക മേളകള്‍ക്കാണ് കേരളം ആതിഥ്യമരുളുക. ഇന്ത്യന്‍ ഓപ്പണ്‍ ജംമ്പ്, ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്സ് – 1, ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്സ് – 2 എന്നിവയാണ് മറ്റുമേളകള്‍. ഈ മത്സരങ്ങള്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, കേരള സര്‍വകലാശാല സ്റ്റേഡിയം, കോഴിക്കോട് സര്‍വകലാശാല സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടത്തും. ദേശീയ മത്സരങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തി കേരളത്തിന്റെ പഴയ പ്രതാപകാലത്തെ തിരികെ പിടിക്കുകയാണ് കായികവകുപ്പിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷികത്തോടനുബന്ധിച്ച് ഓരോ പഞ്ചായത്തിലും ഒരു സ്റ്റേഡിയം എന്നപദ്ധതികള്‍ 100ദിന കര്‍മപരിപാടിയില്‍ ആവിഷ്‌കരിച്ചതായും മന്ത്രി പറഞ്ഞു. പഞ്ചായത്തുതല സ്പോര്‍ട്സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പുകള്‍ ഉടന്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ മത്സരങ്ങള്‍ വഴി കൂടുതല്‍ താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കാനാണ് വകുപ്പിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു. കോവിഡ് മൂന്നാം തരംഗത്തിന്റെ വ്യപനത്തെ തുടര്‍ന്ന് നീട്ടിവച്ച സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരങ്ങള്‍ ഏപ്രില്‍ 15 മുതല്‍ മെയ് ആറുവരെ മലപ്പുറത്ത് നടത്തും. രാത്രി നടത്തുന്ന മത്സരങ്ങള്‍ ഫുട്ബോള്‍ പ്രേമികളുടെ സംഗമത്തിനാകും സാക്ഷ്യം വഹിക്കുകയെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ജില്ലാ കലക്ടര്‍ വി. ആര്‍ പ്രേം കുമാര്‍, കേരള അത്ലറ്റ്ക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്‍, കേരള അത്ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി പി.ഐ ബാബു, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സികുട്ടന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ.ശ്രീകുമാര്‍, ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് മജീദ് ഐഡിയല്‍, എ.എഫ്.ഐ പ്രതിനിധി ഡോ. സാക്കിര്‍ ഹുസൈന്‍, ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി കെ.കെ. രവീന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.