പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഭൂമിയിലെ അനധികൃത റോപ് വേ പൊളിച്ചു

മലപ്പുറം: ജില്ലയിലെ ഊര്‍ങ്ങാട്ടിരിയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത റോപ് വേ പൂര്‍ണമായും പൊളിച്ച് നീക്കി. എട്ട് ദിവസമെടുത്താണ് ഓംബുഡ്സ്മാന്റെ ഉത്തരവനുസരിച്ച് റോപ് വേ പൊളിച്ചു നീക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ഒന്നര ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി ചെലവഴിച്ചത്. 2015-16 കാലയളവിലാണ് കക്കാടംപൊയിലില്‍ പി വി അന്‍വര്‍ തടയണകള്‍ നിര്‍മ്മിച്ചത്. ഇതിന് കുറുകെയാണ് റോപ് വെ നിര്‍മ്മിച്ചത്. അനുമതിയില്ലാതെയാണ് നിര്‍മാണമെന്ന പരാതിയിലാണ് ഇപ്പോഴത്തെ നടപടികള്‍.

നേരത്തെ, റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലി വിവാദ തടയണക്ക് കുറുകെ പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് സി കെ അബ്ദുള്‍ ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു. അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നടപടിക്രമങ്ങള്‍ ജനുവരി 25ന് റിപോര്‍ട്ട് ചെയ്യണമെന്നും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സ്മാന്‍ ഉത്തരവ് നല്‍കിയിരുന്നു.

എന്നാല്‍, രണ്ടാം തവണയും നടപടികള്‍ വൈകിയിരിക്കുകയാണ്. മുമ്പ്, അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കി നവംബര്‍ 30ന് റിപോര്‍ട്ട് ചെയ്യാനാണ് സെപ്തംബര്‍ 22ന് ഓംബുഡ്സ്മാന്‍ ഉത്തരവ് നല്‍കിയത്. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പും നല്‍കിയത്. ഓംബുഡ്സ്മാന്‍ ഉത്തരവ് ലഭിക്കാന്‍ കാലതാമസമുണ്ടായെന്നും സി കെ അബ്ദുള്‍ ലത്തീഫിന് അയച്ച ആദ്യ രണ്ടു നോട്ടീസും മേല്‍വിലാസക്കാരനില്ലെന്നു പറഞ്ഞ് മടങ്ങുകയായിരുന്നുവെന്നുമാണ് ബന്ധപ്പെട്ടവരുടെ വാദം.