കടലിൽ ചൂട് ക്രമാതീതമായി കൂടുന്നു: മത്തിയും, അയലയും കേരളതീരം വിടുന്നു
തിരുവനന്തപുരം: കടലിൽ ചൂട് ക്രമാതീതമായി വർദ്ധിക്കുന്നത് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നു . അറബിക്കടലിൽ മറ്റു സമീപ കടൽ മേഖലകളെ അപേക്ഷിച്ച് ചൂടു കൂടുതലാണ്. അമിത ചൂടുള്ളപ്പോൾ അതിനെ പ്രതിരോധിച്ച് അറബിക്കടലിൽ ജീവിക്കാൻ മീനുകൾക്കും മറ്റു സമുദ്രജീവികൾക്കും കഴിയില്ല. അറബിക്കടലിൽ ധാരാളമായി കിട്ടിക്കൊണ്ടിരുന്ന മത്തി, അയല തുടങ്ങിയവ കന്യാകുമാരിയും കടന്ന് കിഴക്കൻ തീരങ്ങളിലേക്കു പ്രയാണം ചെയ്യുകയാണ് .
പതിവായി ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ തീരത്തു വറുതിയാണെങ്കിലും ഇത്തവണ സ്ഥിതി അൽപം രൂക്ഷമാണ്. മീൻ കിട്ടാനില്ലാത്ത അവസ്ഥ . അറബിക്കടലിൽ നിന്ന് ഇന്ത്യൻ മഹാ സമുദ്രത്തിലൂടെ ബംഗാൾ ഉൾക്കടലിലേക്കാണ് മീനുകൾ പോകുന്നത് . കഴിഞ്ഞ 5–6 വർഷമായി അറബിക്കടലിലെ താപനില കൂടിക്കൂടി വരുന്നതിനാൽ മീനുകളുടെ പ്രജനനവും വളർച്ചയും കുറയുന്നു.
കേരള തീരത്ത് മത്തിയും അയലയും കുറയുമ്പോൾ തമിഴ്നാട് തീരത്ത് ഇവ വലിയ തോതിൽ കിട്ടുകയും ചെയ്യുന്നു . ഇതിന്റെ പ്രധാന കാരണം വലിയതോതിലുള്ള മീൻ ഒഴുക്കാണെന്ന് ഗവേഷകർ പറയുന്നു.
കേരളത്തിൽ ചാകര കൂടുതലായി കാണപ്പെടുന്നത് ആലപ്പുഴയുടെ തീരപ്രദേശത്താണ്.മീനുകളുടെ പ്രജനനത്തിന് അനുകൂലമായി എക്കൽ മണ്ണ് തീരത്തോടു ചേർന്ന് വന്നടിഞ്ഞുണ്ടാകുന്ന പ്രതിഭാസമാണ് ചാകര. ആ സമയം തീരത്തോടു ചേർന്നു മീനുകളുടെ പ്രജനനവും ലഭ്യതയും വർധിക്കും.എന്നാൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കടലിൽ വർധിക്കുന്നതു മൂലം കേരളത്തിന്റെ തീരത്ത് ചാകര പിടിതരാതെ അകന്നുപോകുന്നു. ചാകര വന്നാൽ തന്നെ പെട്ടെന്ന് അപ്രത്യക്ഷമാകുന്നു.
യന്ത്രവൽക്കൃത ബോട്ടുകളുടെ അനിയന്ത്രിത മത്സ്യബന്ധനം മത്സ്യശോഷണത്തിന് മറ്റൊരു കാരണം . കേരളത്തിലെ പ്രധാന മത്സ്യവിഭവങ്ങളായ മത്തി, കിളിമീൻ, അയല എന്നിവയ്‌ക്കുപുറമേ കയറ്റുമതിയിനങ്ങളായ കൂന്തൾ, കണവ, ആവോലി, തളയൻ, ലെതർ ജാക്കറ്റ് (ഉടുപ്പൂരി) എന്നിവയുടെ കുഞ്ഞുങ്ങളെയുമാണ് ഇപ്രകാരം ടൺകണക്കിനുപിടിച്ച് നശിപ്പിക്കുന്നത്.
ഈ ചെറുമീനുകൾ നാളെയുടെ പ്രധാന വരുമാനമാർഗമാണ് എന്നറിയാമെങ്കിലും ഇന്നത്തെ ചെറിയലാഭത്തിനായി കൊയ്തെടുക്കുകയാണ്. ഇതുമൂലം കോടിക്കണക്കിനുരൂപയുടെ വിപണനമൂല്യമുള്ള മത്സ്യസമ്പത്താണ് നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. റിങ്സീൻ വല ഉപയോഗിച്ച് പരമ്പരാഗത മീൻപിടിത്ത മേഖലയിലെ ഇപ്പോഴും തുടരുന്ന മീൻപിടിത്തം ട്രോളിങ് ബോട്ടുകളെപ്പോലെ ഭീഷണിയാണ്.