കേരളത്തെ കലാപഭൂമിയാക്കാൻ ആർഎസ്എസ് ലക്ഷ്യമിടുന്നു; ബി ജെ പി ആസൂത്രണം ചെയ്തിട്ടുള്ള കൊലപാതകം, കോടിയേരി

തിരുവനന്തപുരം: കേരളത്തെ കലാപഭൂമിയാക്കാൻ ആർഎസ്എസ് ലക്ഷ്യമിടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പരിശീലനം സിദ്ധിച്ച ആളുകളാണ് ഹരിദാസിന്റെ കൊലപാതകം നടത്തിയിട്ടുള്ളത്. ബിജെപി നേതൃത്വം ആസൂത്രണം ചെയ്തിട്ടുള്ള കൊലപാതകമാണിതെന്ന് കോടിയേരി ആരോപിച്ചു. സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേടിയേരി ബാലകൃഷ്‌ണന്റെ വാക്കുകൾ-

‘ആർഎസ്എസ് ബിജെപി സംഘം മൃഗീയമായാണ് ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്. ദേഹമാസകലം നിരവധി വെട്ടുകളാണ് ഏൽപ്പിച്ചിട്ടുള്ളത്. പരിശീലനം സിദ്ധിച്ച ആളുകളാണ് പിന്നിൽ. ബിജെപി നേതൃത്വം ആസൂത്രണം ചെയ‌്തിട്ടുള്ള കൊലപാതകമാണിത്. രണ്ട് പേരെ കൊല്ലുമെന്ന് ബിജെപി നേതാവ് തലേദിവസം പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായുള്ള കൊലപാതകമാണിത്. സംസ്ഥാനത്തിന്റെ വിവധഭാഗങ്ങളിൽ അക്രമം നടത്താനുള്ള ആർഎസ്എസിന്റെ പദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ലക്ഷ്യത്തിലാണവർ. ഇതിന് മുന്നോടിയായി ആർഎസ്എസുകാർക്ക് പരിശീലനം ലഭിച്ചിട്ടുമുണ്ട്. ഒരാഴ്‌ച നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയായിരുന്നു അത്. ഈ പരിശീലനത്തിൽ പങ്കെടുത്തവരാണ് കൊലപാതകം നടത്തിയെന്ന സംശയമാണ് ബലപ്പെട്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം നടത്തണം. പ്രകോപനത്തിൽ പെട്ടുപോകാതെ സിപിഎം പ്രവർത്തകന്മാർ ബഹുജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് കൊലപാതകത്തെ ഒറ്റപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടത്’.

തലശ്ശേരി ന്യൂമാഹിക്കടുത്ത് സി പി എം പ്രവർത്തകനായ പുന്നോൽ സ്വദേശി ഹരിദാസാണ് (54) കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് മടങ്ങിവരവെ വീടിന് മുന്നിൽവച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് ബൈക്കുകളിലായിട്ടാണ് അക്രമിസംഘമെത്തിയത്. ബഹളം കേട്ട് ബന്ധുക്കളും സ്ഥലത്തെത്തി. ഇവരുടെ മുന്നിൽവച്ചായിരുന്നു ഹരിദാസനെ കൊലപ്പെടുത്തിയത്. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ ഹരിദാസന്റെ സഹോദരൻ സുരനും വെട്ടേറ്റു.

ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. ബന്ധുക്കൾ ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഒരാഴ്ച മുമ്പ് സി പി എം- ബി ജെ പി സംഘർഷമുണ്ടായിരുന്നു. തലശ്ശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവടങ്ങളിൽ ഇന്ന് ഹർത്താലാണ്.