യുക്രൈൻ യുദ്ധം; കൂടുതൽ വിമാന സർവീസുകൾക്കായി സമ്മർദ്ദം ചെലുത്തുമെന്ന് പി ശ്രീരാമ കൃഷ്ണൻ
തിരുവനന്തപുരം: കൂടുതൽ വിമാന സർവീസുകൾക്കായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് നോർക്ക റൂട്ട്സ് ഉപാദ്ധ്യക്ഷൻ പി ശ്രീരാമ കൃഷ്ണൻ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.ആശങ്കകൾ നിറഞ്ഞ മണിക്കൂറുകൾ ആണ് കടന്ന് പോകുന്നതെന്നും മലയാളി വിദ്യാർത്ഥികൾ പരിഭ്രാന്തരാകേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതെ സമയം റഷ്യ സൈനിക നീക്കം തുടങ്ങിയതിന് പിന്നാലെ യുക്രെയ്‌ൻ വിമാനത്താവളങ്ങൾ അടച്ചു. ഇതോടെ ഇന്ത്യയുടെ ഒഴിപ്പിക്കൽ ദൗത്യം താത്കാലികമായി പ്രതിസന്ധിയിലായി. യുക്രെയ്‌നിൽ നിന്നും രണ്ടാമത്തെ ഇന്ത്യൻ വിമാനം പുറപ്പെട്ടതിന് പിന്നാലെയാണ് വിമാനത്താവളം അടച്ചത്. യുക്രെയ്നിലേക്ക് പോയ ഒരു വിമാനം ആളില്ലാതെ മടങ്ങുകയും ചെയ്തു. മൂന്നാമത്തെ വിമാനം 26ന് വരാനിരിക്കെയാണ് വിമാനത്താവളങ്ങൾ അടച്ചത് .
യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നയതന്ത്രതലത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന നിലപാടിലാണ് ഇന്ത്യ, യുദ്ധം സംബന്ധിച്ച നിലപാട് സുരക്ഷാ സമിതിയെ അറിയിക്കുമെന്നും, യുക്രൈനിലുള്ള ഇന്ത്യക്കാരുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ചതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി