സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന സ്ത്രീകളെ പീഡിപ്പിച്ച് ആഭരണം തട്ടിയെടുത്തയാളെ വളാഞ്ചേരി പോലീസ്അറസ്റ്റ് ചെയ്തു.

മലപ്പുറം: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് സ്ത്രീകളെ പീഡിപ്പിച്ചു ആഭരണങ്ങള്‍ കൈക്കലാക്കുന്ന യുവാവിനെ വളാഞ്ചേരി പോലീസ് പിടികൂടി. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി മങ്ങലത്തൊടി സത്താറി (44) നെയാണ് വളാഞ്ചേരി സിഐ ജിനേഷും സംഘവും അറസ്റ്റ് ചെയ്തത്.

സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ പരിചയപ്പെട്ട് ബസ് ഉടമയാണ്, മീന്‍ മൊത്തവ്യാപാരി എന്നൊക്കെ പറഞ്ഞു പറ്റിച്ചു സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. ഇതിന് ശേഷം പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവരുകയും ചെയ്തതിനാണ് പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി മങ്ങലത്തൊടി സത്താറി (44) നെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

വളാഞ്ചേരി സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെരിന്തല്‍മണ്ണ ക്രൈം സ്ക്വാഡിന്റെ സഹായത്തോടു കൂടി പ്രതിയെ പെരിന്തല്‍മണ്ണയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഫെബ്രുവരി എഴിനാണ് കേസിനാസ്പദമായ സംഭവം. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പെരിന്തല്‍മണ്ണയിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ശേഷം ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവരുകയുമായിരുന്നു. പ്രതി പല സ്ഥലങ്ങളിലായി ക്വാര്‍ട്ടേഴ്സ് എടുത്ത് താമസിക്കാറാണ് പതിവെന്നും പ്രതിയുടെ പേരില്‍ സമാന രീതിയിലുള്ള കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടോയെന്നും അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജറാക്കി റിമാൻഡ് ചെയ്തു.