കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് രണ്ടു കുട്ടികള്‍ മരിച്ചു
വിഴിഞ്ഞം: കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് രണ്ടു കുട്ടികള്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി.
വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ ലൈറ്റ്ഹൗസിനു സമീപത്തുള്ള ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിനു താഴെയുള്ള ചെറുമണല്‍ തീരത്താണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനി സ്വദേശികളായ നിസാമൂദിന്റെയും ഫാത്തിമയുടെയും മകന്‍ നിസാര്‍(13), ഉബൈദ് റഹ്‌മാന്റെയും ഫാത്തിമയുടെയും മകന്‍ മെഹ്റൂഫ്(12) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം തിരയില്‍പ്പെട്ട വിഴിഞ്ഞം കപ്പച്ചാല്‍ വീട്ടില്‍ പീരുമുഹമ്മദിന്റെ മകന്‍ സൂഫിയാനെ(12) രക്ഷപ്പെടുത്തി. കുട്ടിയെ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും നാട്ടുകാരുമാണ് അപകടവിവരം പോലീസില്‍ അറിയിച്ചത്. കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സമെന്റും തൊഴിലാളികളുമുള്‍പ്പെട്ടവര്‍ തിരച്ചിലിനിറങ്ങി. അഞ്ചുപേരാണ് കുളിക്കാനിറങ്ങിയത്. വലിയ തിര വരുന്നതുകണ്ട് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഭയന്ന് കരയിലേയ്ക്ക് ഓടിയെന്ന് പോലീസ് പറഞ്ഞു.
ഈ കുട്ടികള്‍ നിലവിളിച്ചതോടെയൊണ് സമീപത്തുള്ള മത്സ്യത്തൊഴിലാളികളും മറ്റുള്ളവരും ശ്രദ്ധിച്ചത്. സൂഫിയാനെ ആദ്യം രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ നിസാറിനെയും മെഹ്റൂഫിനെയും കടലില്‍നിന്നു കണ്ടെടുത്തു. ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടുപേരെയും രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.
മുഫീദ, മുഹ്സിന, സുഹൈബ് എന്നിവരാണ് മെഹ്റൂഫിന്റെ സഹോദരങ്ങള്‍. നിസാനയാണ് നിസാറിന്റെ സഹോദരി. മൃതദേഹങ്ങള്‍ വിഴിഞ്ഞം ടൗണ്‍ഷിപ്പ് മസ്ജിദ് ഖബറില്‍ സംസ്‌കരിക്കും. വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് കേസെടുത്തു.
മരിച്ച നിസാര്‍ വെങ്ങാനൂര്‍ വി.പി.എസ്.എച്ച്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും മെഹ്റൂഫ് ഇതേ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. വിഴിഞ്ഞം കോസ്റ്റല്‍ പോലീസ്, വിഴിഞ്ഞം, കോവളം എന്നീ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാരായ എച്ച്.അനില്‍കുമാര്‍, പ്രജീഷ് ശശി, ജി.പ്രൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.