കെ റെയിലിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ചതിന് സ്ത്രീകളടക്കം അറസ്റ്റിൽ

​​​കോഴിക്കോട്: സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രം ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഡിപിആർ തയാറാക്കാൻ മാത്രമാണ് അനുമതി നൽകിയതെന്നും മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചങ്ങനാശേരിയിൽ നടന്ന സംഭവം കാടത്തരമാണ്, സ്ത്രീകൾക്കെതിരെ പൊലീസ് സ്വീകരിച്ച നടപടി അപമാനകരമാണെന്നും വി മുരളീധരൻ പറഞ്ഞു.

സിൽവർലൈൻ കല്ലിടലിനെതിരെ ഇന്നും വ്യാപകമായി പ്രതിഷേധം നടന്നിരുന്നു. ഇന്നലെ പൊലീസ് നടപടിയുണ്ടായ ചങ്ങനാശേരിയിലെ മാടപ്പള്ലിയിലെ ഹർത്താലിന്റെ ഭാഗമായി വലിയ രീതീയിൽ പ്രതിഷേധ മാർച്ച് നടന്നു. മാർച്ച് തടയാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. കോഴിക്കോട് കല്ലായിയിലും നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. മുദ്രാവാക്യവിളികളുമായി നാട്ടുകാർ വഴിതടഞ്ഞ് പ്രതിഷേധിച്ചിരുന്നു. അനുനയിപ്പിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ വൻ പൊലീസ് സന്നാഹം തന്നെ സ്ഥലത്തെത്തി സ്ത്രീകളടക്കം സമരം ചെയ്ത നാട്ടുകാരെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുകയാണ്. കല്ലിടാനെത്തിയ ഉദ്യോഗസ്ഥനെ തടഞ്ഞതിനാണ് അറസ്റ്റ്.