ജെബി മേത്തര്‍ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി
ന്യൂഡല്‍ഹി: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയാവും. ജെബി മേത്തറുടെ സ്ഥാനാര്‍ഥിത്വത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്‍കി. ആലുവ നഗരസഭാ ഉപാധ്യക്ഷയായ ജെബി മേത്തര്‍ നിലവില്‍ കെപിസിസി സെക്രട്ടറിയും എഐസിസി അംഗവുമാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറിയായിരുന്നു.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനുശേഷമാണ് കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള ഏക രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത്. നേരത്തെ നടന്ന വിപുലമായ ചര്‍ച്ചയില്‍ മൂന്ന് പേരുകളായിരുന്നു പ്രധാനമായും ഹൈക്കമാന്‍ഡിന് മുമ്പാകെ കെപിസിസി നേതൃത്വം നല്‍കിയത്. ജെബി മേത്തര്‍, എം ലിജു, ജെയ്‌സണ്‍ ജോസഫ് എന്നിവരുടെ പേരുകളായിരുന്നു ഉയര്‍ന്നത്.
വെള്ളിയാഴ്ച വെകുന്നേരമായിരുന്നു കെപിസിസി പട്ടിക കൈമാറിയത്. കേവലം മൂന്ന് മണിക്കൂറിനുള്ളില്‍തന്നെ ഹൈക്കമാന്‍ഡ് ജെബി മേത്തറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയിലുള്ള ഡല്‍ഹിയിലെ പ്രവര്‍ത്തന പരിചയം എന്നിവയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തറിന് അനുകൂല ഘടകമായത്.