ദേശീയ പണിമുടക്ക് രണ്ടാം ദിനം; കടകൾ തുറക്കുമെന്ന് വ്യാപാരികൾ
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിൽ. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. പണിമുടക്കുമായി സഹകരിക്കില്ലെന്നും സംസ്ഥാനത്തെ എല്ലാ കടകളും തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് 48 മണിക്കൂർ പണിമുടക്ക്. കർഷകസംഘടനകൾ, കർഷകതൊഴിലാളി സംഘടനകൾ, കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകൾ, അധ്യാപകസംഘടനകൾ, ബി.എസ്.എൻ.എൽ, എൽ.ഐ.സി, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, തുറമുഖ തൊഴിലാളികൾ ഉൾപ്പടെയുള്ളവയാണ് കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ഇന്നലെ മുതൽ പണിമുടക്കി പ്രതിഷേധിക്കുന്നത്.
പണിമുടക്കിന്റെ ആദ്യദിനമായ ഇന്നലെ വിവിധയിടങ്ങളിൽ അക്രമങ്ങൾ ഉണ്ടായതിനാൽ പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. അതേസമയം, പണിമുടക്കുമായി നിസഹകരണം പ്രഖ്യാപിച്ച് വിവിധ സംഘടനകൾ രംഗത്തുവന്നു. സംസ്ഥാനത്തെ എല്ലാ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിൽ പെട്രോൾ പമ്പുകൾ തുറക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. ആംബുലൻസുകൾക്കും ഇതര അവശ്യ സർവീസ് വാഹനങ്ങൾക്കും ഇന്ധനം നൽകാൻ പെട്രോൾ പമ്പുടമകൾ സഹകരിക്കണം. പെട്രോൾ പമ്പുകൾക്ക് ആവശ്യമായ സുരക്ഷയൊരുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുമുണ്ട്. സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്ന് കേരള സെൽഫ് ഫിനാൻസ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ അടച്ചിടാനാകില്ലെന്നാണ് അസോസിയേഷൻ നിലപാട്. ആശുപത്രി, മരുന്ന് കടകൾ, പാൽ, പത്രം, ഫയർ ആൻഡ് റെസ്ക്യൂ എന്നിവയെയാണ് നേരത്തെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയതായി ട്രേഡ് യൂണിയനുകൾ അറിയിച്ചിരുന്നത്.