വിജയ് നായകനായ ‘ബീസ്റ്റി’ന്റെ പ്രദർശനം തടയണമെന്ന് മുസ്ലിം ലീഗ്

ചെന്നൈ: വിജയ് നായകനായ ‘ബീസ്റ്റി’ന്റെ പ്രദർശനം തമിഴ്നാട്ടിൽ നിരോധിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് തമിഴ്നാട് അധ്യക്ഷൻ വി എം എസ് മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ് കെ പ്രഭാകറിന് കത്തുനൽകി.

ചിത്രത്തിൽ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്നാണ് ആരോപണം. ബോംബാക്രമണത്തിനും വെടിവെപ്പുകൾക്കും പിന്നിൽ മുസ്ലിങ്ങൾ മാത്രമാണെന്ന തരത്തിൽ സിനിമകളിൽ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണ്. ‘ബീസ്റ്റ്’ പ്രദർശനത്തിനെത്തിയാൽ അത് അസാധാരണ സാഹചര്യത്തിലേക്കു നയിക്കുമെന്നും കത്തിൽ വ്യക്തമാക്കി. ‘ബീസ്റ്റ് ’ കുവൈത്തിൽ നിരോധിച്ച കാര്യവും കത്തിൽ ചൂണ്ടിക്കാട്ടി.

മാസ്റ്ററിന്ശേഷം വിജയ് അഭിനയിച്ച ‘ബീസ്റ്റി’ൽ പൂജ ഹെഗ്ഡെയാണ് നായിക. ഈ മാസം 13 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. വിജയ്യുടെ കട്ടൗട്ടുകളിൽ പാലഭിഷേകം നടത്തി പാൽ പാഴാക്കാനിടയുള്ളതിനാൽ ‘ബീസ്റ്റി’ന്റെ പ്രത്യേക പ്രദർശനം അനുവദിക്കരുതെന്ന് തമിഴ്നാട് മിൽക്ക് ഫെഡറേഷൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

ചിത്രത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയ്ലർ ഏപ്രിൽ 2 ശനിയാഴ്ച റിലീസ് ചെയ്തിരുന്നു. മാസ് എന്റർടെയ്നർ ചിത്രത്തിന് വേണ്ട എല്ലാ ഘടകങ്ങളും അടങ്ങിയതായിരുന്നു ട്രെയ്ലർ. ഏകദേശം മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്ലർ വിജയുടെ കഥാപാത്രമായ വീരരാഘവനെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തി. ”ഏറ്റവും മികച്ച, കുപ്രസിദ്ധനായ ചാരൻ’ ആയ റോ ഏജന്റ് ആണ് താരം ഈ ചിത്രത്തിൽ. ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് മാൾ ഭീകരർ ഹൈജാക്ക് ചെയ്യുന്നതായി വീഡിയോയിൽ കാണാൻ കഴിഞ്ഞു. അതിനാൽ നായകൻ അവരോട് പോരാടുന്നതിന്റെ ആക്ഷൻ നിറഞ്ഞ സീക്വൻസുകൾ ആണ് ട്രെയ്ലറിൽ ഉടനീളം.

‘ബീസ്റ്റ്’ കുവൈറ്റിൽ നിരോധിച്ചു

വിജയ് ചിത്രം ‘ബീസ്റ്റ്’ കുവൈറ്റ് വിലക്കി. ഫിലിം ആൻഡ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല തന്റെ ട്വിറ്റർ ഹാൻഡിലിൽ നിന്നും ഈ വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്. “#Beast #കുവൈറ്റിൽ ഇൻഫർമേഷൻ മന്ത്രാലയം നിരോധിച്ചിരിക്കുന്നു” എന്ന് അറിയിച്ചു. എന്തിനാണ് കുവൈറ്റിൽ ചിത്രം നിരോധിച്ചത് എന്നതിന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും ‘പാകിസ്ഥാൻ, തീവ്രവാദി അല്ലെങ്കിൽ അക്രമം’ എന്നിവ ചിത്രീകരിച്ചതാവാം കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത കാലത്ത് കുവൈറ്റ് നിരോധിക്കുന്ന ആദ്യ ചിത്രമല്ല ‘ബീസ്റ്റ്’ എന്നും രമേഷ് ബാല തന്റെ ട്വീറ്റിൽ സൂചിപ്പിച്ചു. നേരത്തെ ‘കുറുപ്പ്’, ‘എഫ്ഐആർ’ എന്നിവയും രാജ്യത്ത് നിരോധിച്ചിരുന്നുവെന്ന് അദ്ദേഹം എഴുതി.

“#ബീസ്റ്റിനെ #കുവൈറ്റിൽ ഇൻഫർമേഷൻ മന്ത്രാലയം നിരോധിച്ചിരിക്കുന്നു. കാരണം പാക്ക്, തീവ്രവാദി അല്ലെങ്കിൽ അക്രമം എന്നിവയുടെ ചിത്രീകരണമാകാം. ഈയിടെ ഇന്ത്യൻ സിനിമകളായ #കുറുപ്പും #എഫ്ഐആറും #കുവൈറ്റിൽ നിരോധിക്കപ്പെട്ടിരുന്നു. ഈ മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ജിസിസിയിൽ #കുവൈറ്റ് സെൻസർ വളരെ കർക്കശമായിക്കൊണ്ടിരിക്കുകയാണ്, ”രമേശ് ബാല ട്വീറ്റ് ചെയ്തു.