വധ ഗൂഢാലോചനാ കേസിൽ ഹാക്കർ കസ്റ്റഡിയിൽ, പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഹാക്കർ സായിശങ്കറെ അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. പുട്ടപർത്തിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ കീഴടങ്ങിയെന്നാണ് സായിശങ്കർ പറയുന്നത്. നടൻ ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച കേസിലെ ഏഴാംപ്രതിയാണ് സായിശങ്കർ. ഇയാളെ നേരത്തേ ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥർ കോഴിക്കോട്ടെ വീട്ടിൽ പരിശോധനയും നടത്തിയിരുന്നു.

സായിശങ്കർ ദിലീപിന്റെ ഫോൺ രേഖകൾ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചാണ് മായ്ച്ചത്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയതിന് തൊട്ടുപിന്നാലെ പൊലീസ് പീഡനം ആരോപിച്ച് ഇയാൾ രംഗത്തെത്തിയിരുന്നു. വ്യാജ തെളിവുകൾ നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു ഇയാളുടെ പ്രധാന ആരോപണം. ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിനു ലഭിച്ചെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ശരിവയ്ക്കുന്ന തെളിവുകൾ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ ഫോണിൽ നിന്ന് ലഭിച്ചതായി ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. കൂട്ടുപ്രതികളുടെ പങ്കാളിത്തവും ഇതിൽ നിന്ന് വ്യക്തമായിട്ടുണ്ട്. കൂടാതെ നിർണായകമായ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യണമെന്നും അതോടൊപ്പം ഫോറൻസിക് പരിശോധനാ ഫലം മുഴുവൻ ലഭിച്ച ശേഷം ദിലീപിന്റെ സഹോദരൻ അനൂപ്, സുരാജ് എന്നിവരെയും ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കാവ്യ ചെന്നൈയിലാണെന്നും അടുത്ത ആഴ്ച എത്തുമെന്നുമാണ് മറുപടി ലഭിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നുമാസം കൂടി സമയം തേടി ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം ഏപ്രിൽ 15ന് അകം തുടരന്വേഷണം പൂർത്തിയാക്കാനാവില്ലെന്നും ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് പരിശോധനാ ഫലങ്ങൾ ഈ കാലാവധിക്കകം പൂർണമായും ലഭിക്കില്ലെന്നും ഹർജിയിൽ പറയുന്നു.