മലപ്പുറം കരിമ്പുഴ വന്യജീവി സങ്കേതത്തിൽ മാക്കാച്ചിക്കാടകളുടെ സാന്നിധ്യം കൂടുന്നു
മലപ്പുറം: നിത്യഹരിത വനങ്ങളിലും ഇലപൊഴിയും ഈർപ്പ വനങ്ങളിലും ജീവിക്കുന്ന മാക്കാച്ചിക്കാട (സിലോൺ ഫ്രോഗ് മൗത്ത്)കളുടെ സാന്നിധ്യം മലപ്പുറം കരിമ്പുഴ വന്യജീവി സങ്കേതമുൾപ്പെടുന്ന പശ്ചിമഘട്ട താഴ്വാരങ്ങളിൽ വർധിക്കുന്നതായി റിപ്പോർട്ട്. മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ വനം വന്യജീവി വകുപ്പും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും യുണൈറ്റഡ് നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും ചേർന്ന് നടത്തിയ സർവേയിലാണ് കണ്ടെത്തൽ. നേരത്തെ, ആറളത്തും തട്ടേക്കാടുമാണ് ഇവയുടെ സാന്നിധ്യം കൂടുതലുണ്ടായിരുന്നത്.
കരിമ്പുഴ വന്യജീവി സങ്കേതമുൾപ്പെടുന്ന സൗത്ത് വനം ഡിവിഷനിൽ നടത്തിയ സർവേയിൽ 134 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്. പാണപ്പുഴ, പാട്ടകരിമ്പ്, ചെറുപുഴ എന്നിവിടങ്ങളിലായി 30 അംഗ പക്ഷിനിരീക്ഷണ സംഘമാണ് പഠനം നടത്തിയത്. കാട്ടുപനങ്കാക്ക, സൈരന്ദ്രിനത്ത്, ചെമ്പുവാലൻ പറ്റപിടിയൻ (ദേശാടനപക്ഷി) എന്നീ പക്ഷികളെയും പ്രാദേശിക പക്ഷികളെയും കണ്ടെത്തിയിട്ടുണ്ട്. നസ്റുദ്ദീൻ തിരൂർ, സി ടി മുഹസിൻ, സുജീഷ് പുത്തൻവീട്ടിൽ, ജിഷാദ് ചോക്കാട്, കൃഷ്ണകുമാർ കെ അയ്യർ, സി സിജി, കാഞ്ചന മലപ്പുറം എന്നിവരാണ് സർവേക്ക് നേതൃത്വം നൽകിയത്.
രാത്രിസഞ്ചാരിയായ പറവ മനുഷ്യവാസമുള്ളിടത്ത് കാണാത്ത മാക്കാച്ചിക്കാട പശ്ചിമഘട്ട താഴ്വരകളിലും ശ്രീലങ്കയിലും കാണപ്പെടുന്ന രാത്രിസഞ്ചാരിയായ പറവയാണ്. നിത്യഹരിത വനങ്ങളിലും ഇലപൊഴിയും ഈർപ്പ വനങ്ങളിലും ജീവിക്കുന്നു. സിലോൺ ഫ്രോഗ് മൗത്ത് എന്നാണ് ശാസ്ത്രീയനാമം. ആണിന് കാപ്പികലർന്ന ചാരനിറവും പെണ്ണിന് ചെങ്കൽനിറവുമാണ്. ഉടലിൽ വെളുത്ത പാടുകളുണ്ടാകും. വായ തവളയുടെ വായപോലെ അകലമുള്ളതാണ്. അതിനാൽ തവളവായൻ എന്നും അറിയപ്പെടും. മൈനയുടെ വലുപ്പമേ ഇവയ്ക്കുള്ളൂ. ഉണങ്ങിയ ഇലപോലെ തോന്നുന്നതിനാൽ ഇവയെ പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. മുഖത്തിന് മൂങ്ങയുമായി സാമ്യമുണ്ട്. കാലുകൾ നന്നേ കുറുകിയതാണ്. രാത്രിയിൽ ഇരതേടുകയും പകൽ ഉണങ്ങിയ മരച്ചില്ലകളിൽ പതുങ്ങിയിരിക്കുകയുമാണ് ശീലം. ചെറിയ നാരുകൾകൊണ്ട് മരത്തിലാണ് കൂടുകൂട്ടാറുള്ളത്. 1800-കളിൽ ശ്രീലങ്കയിലാണ് ആദ്യമായി ഈ പക്ഷിയെ കണ്ടെത്തിയത്.