പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും കോവിഡ് കരുതൽ ഡോസ് ഞായറാഴ്ച മുതൽ; പണം നൽകണം
ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസ് പൂർത്തിയായ എല്ലാവര്ക്കും ഞായറാഴ്ച മുതല്‍ സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങളില്‍നിന്ന് കോവിഡ് വാക്സിന് കരുതൽ ഡോസുകള്‍ (Precaution Dose of Covid-19) ലഭ്യമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്സിന് സ്വീകരിക്കുന്നവർ ഇതിന് പണം നല്‍കണം. നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍, അറുപതു വയസ്സുകഴിഞ്ഞവര്‍ എന്നിവര്‍ക്കു മാത്രമാണ് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി ലഭിക്കുന്നത്. രാജ്യത്തെ പ്രായപൂര്‍ത്തിയായ വലിയൊരു വിഭാഗത്തിനും ഇനി പണം നല്കി ബൂസ്റ്റര്‍ ഡോസ് എടുക്കാം.
സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ വഴി ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, അറുപതു വയസ്സുകഴിഞ്ഞവര്‍ എന്നിവര്‍ക്കായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ഡോസ്, രണ്ടാം ഡോസ്, ബൂസ്റ്റര്‍ ഡോസ് വിതരണങ്ങള്‍ തുടരുകയും അതിന്റെ വേഗംകൂട്ടുകയും ചെയ്യുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. പതിനഞ്ചിനും അതിനു മുകളിലും പ്രായമുള്ള 96 ശതമാനം പേര്‍ക്കും കുറഞ്ഞത് കോവിഡിന്റെ ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ടെന്നും 83 ശതമാനം പേര്‍ക്ക് രണ്ടു ഡോസും ലഭിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
പല രാജ്യങ്ങളിലും കോവിഡ് വ്യാപനം ശക്തമാകുന്നതിന്റെയും മൂന്നാംഡോസ് സ്വീകരിക്കാത്തതിനാല്‍ ചിലര്‍ക്ക് വിദേശയാത്രയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നതിന്റെയും പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഇസ്രയേല്‍ പോലുള്ള രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തപക്ഷം വാക്സിനേഷന് പൂര്‍ത്തിയായതായി അംഗീകരിക്കുന്നില്ല.
കരുതൽ ഡോസ് എടുക്കേണ്ടത് ആര്?
18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും രണ്ടാമത്തെ ഡോസ് നൽകി ഒമ്പത് മാസം തികയുന്നവർക്കും ഈ കരുതൽ ഡോസിന് അർഹതയുണ്ട്. ഏപ്രിൽ 10 മുതൽ വാക്സിൻ നൽകി തുടങ്ങും. എല്ലാ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിലും ഈ ഡോസ് ലഭ്യമാക്കും.
മിക്സിംഗ് അനുവദിക്കില്ല
ആദ്യത്തെയും രണ്ടാമത്തെയും ഡോസിന്റെ അതേ വാക്സിൻ ബ്രാൻഡിലായിരിക്കും കരുതൽ ഡോസും നൽകുക. അതായത് കോവാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് കോവാക്സിൻ കരുതൽ ഡോസും കോവിഷീൽഡ് തെരഞ്ഞെടുത്തവർക്ക് കോവിഷീൽഡും ലഭിക്കും.