കെ-സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപെട്ടു; ചങ്കുവട്ടിയിൽ സ്വകാര്യ ബസിൽ ഇടിച്ചു

മലപ്പുറം: കെ.എസ്.ആർ.ടി.സി കെ-സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപെട്ടു. മലപ്പുറം ചങ്കുവട്ടിയിലാണ് ബസ് അപകടത്തിൽപെട്ടത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഫ്‌ളാഗ് ഓഫ് ചെയ്ത ബസ് ആദ്യ ട്രിപ്പിൽ തന്നെ അപകടതത്തിൽപെട്ടിരുന്നു.

മലപ്പുറം കോട്ടക്കൽ ചങ്കുവട്ടിയിൽ കെ-സ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു എ.സി ബസ് കൂടി ഇടിച്ചതായി വിവരമുണ്ട്.

കെ-സ്വിഫ്റ്റിന്റെ ആദ്യ ട്രിപ്പിലുണ്ടായ അപകടത്തിൽ ഗൂഢാലോചന സംശയിക്കുന്നതായി കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ നേരത്തെ പ്രതികരിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ഏത് പുതിയ ബസ് ഇറക്കിയാലും അത് അപകടത്തിൽപ്പെടുന്നത് പതിവാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നിൽ സ്വകാര്യ ബസ് ലോബിക്ക് പങ്കുണ്ടോയെന്ന സംശയവും കെ.എസ്.ആർ.ടി.സി മാനേജ്മെന്റിനുണ്ട്. ബിജു പ്രഭാകർ ഇപ്പോൾ ബെംഗളൂരുവിലാണുള്ളത്. അദ്ദേഹം തിരിച്ചെത്തിയ ശേഷം ഡി.ജി.പിക്ക് പരാതി നൽകാനാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് ആലോചിക്കുന്നത്.

ഇന്നലെ തിരുവനന്തപുരം കല്ലമ്പലത്താണ് കെ-സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോയി. ഗ്ലാസിന് 35,000 രൂപ വിലയുണ്ടെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. പകരം കെ.എസ്.ആർ.ടി.സിയുടെ മിറർ സ്ഥാപിച്ചാണ് സർവീസ് തുടർന്നത്.