മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന നാലംഗ സംഘം മലപ്പുറം പോലീസിന്റെ പിടിയിൽ

മലപ്പുറം: ധനകാര്യ സ്ഥാപനങ്ങളിലും ന്യൂ ജനറേഷൻ ബാങ്കുകളിലും മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടിലങ്ങാടി പടിക്കൽ വീട്ടിൽ മുനീർ(42), കൊണ്ടോട്ടി സ്വദേശി യൂസഫ്(42), കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദ് ഷമീം(34), സംഘത്തിന് മുക്കുപണ്ടം നിർമ്മിച്ചു കൊടുക്കുന്ന തൃശൂർ സ്വദേശി മണികണ്ഠൻ @ മുരുഗൻ (54) എന്നിവരെയാണ് മലപ്പുറം പൊലീസ് ഇൻസ്‌പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

ഇതിൽ മണികണ്ഠൻ എന്ന മുരുകൻ സ്വർണത്തെ വെല്ലുന്ന മുക്കുപണ്ടം നിർമ്മിക്കുവാൻ അതിവിദഗ്ധനാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം മലപ്പുറം മണപ്പുറം ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് ഒന്നര ലക്ഷം രൂപ തട്ടിയ കേസിലും മലപ്പുറം സൂര്യാ ഫിനാൻസിൽ നിന്നും 6.5 ലക്ഷം രൂപ തട്ടിയ കേസിലുമാണ് അറസ്റ്റ്.

സംഘത്തലവൻ മുനീർ പത്തോളം കേസുകളിലും മണികണ്ഠൻ മുപ്പതോളം കേസുകളിലും യൂസഫ് മൂന്നു കേസുകളിലും നിലവിൽ പ്രതികളാണ്. 50 പവൻ വ്യാജ ആഭരണങ്ങൾ നിർമ്മിക്കുവാൻ അഡ്വാൻസ് നൽകിയ രണ്ട് ലക്ഷം രൂപ ഉൾപ്പെടെ മൂന്നുലക്ഷം രൂപയോളം അന്വേഷണ സംഘം പ്രതികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

മുക്കു പണ്ടം പണയം വെച്ച് പണം തട്ടുന്ന മാഫിയകളെ കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐ.പി.എസ് നൽകിയ നിർദ്ദേശത്തെ തുടർന്ന് മലപ്പുറം ഡിവൈഎസ്‌പി പി.എം പ്രദീപിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്‌പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ എസ്‌ഐ മാരായ അമീറലി , ഗിരീഷ്, എ എസ് ഐ സിയാദ് കോട്ട, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ആർ ഷഹേഷ്, ഐ കെ ദിനേഷ്, പി സലീം, കെ ജസീർ എന്നിവരാണ്പ്രതികളെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.