കെടി ജലീലിനെതിരെ തൊഴിലാളികളികള്‍ രംഗത്ത്
കെടി ജലീലിനെതിരെ തൊഴിലാളികളികള്‍ രംഗത്ത്
മലപ്പുറം; കെ എസ് ആര്‍ ടി സിയിലെ പ്രതിസന്ധികള്‍ക്ക് കാരണം അതിലെ ജീവനക്കാരാണെന്ന തരത്തില്‍ പ്രസംഗിച്ച മുന്‍മന്ത്രിയും എംഎല്‍എയുമായ് കെ ടി ജലീലിനെതിരെ തൊഴിലാളികള്‍ രംഗത്ത.്
കെ എസ് ആര്‍ ടി സി യുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം തങ്ങളല്ലെന്നും നിരുത്തരവാദപരമായി പ്രസ്താവന നടത്തിയ ജലീല്‍ അത് പിന്‍വലിക്കണമെന്നും കെ എസ് ആര്‍ ടി ഇ എ (സിഐടിയു) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സര്‍ക്കാരും മാനേജ്‌മെന്റും നിഷ്‌കര്‍ഷിക്കുന്ന റൂട്ടില്‍ സര്‍വീസ് നടത്തുക മാത്രമാണ് ജീവനക്കാര്‍ ചെയ്യുന്നത്. എം എല്‍ എ മാരും മന്ത്രിമാരും നിര്‍ദ്ദേശിക്കുന്ന റൂട്ടുകളില്‍ വന്‍ നഷ്ടത്തില്‍ സര്‍വീസ് നടത്തുന്ന നിരവധി ഷെഡ്യൂളുകളുണ്ട്. കഴിഞ്ഞ മാസം സ്വകാര്യബസ് പണിമുടക്കും അധിക സര്‍വീസ് നടത്തിയും റെക്കോര്‍ഡ് കളക്ഷന്‍ ലഭിച്ചിട്ടും വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പോലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളം കൊടുത്തിട്ടില്ല. വസ്തുത ഇതായിരിക്കെ നിരുത്തരവാദപരമായി തന്റെ മണ്ഡലത്തില്‍ നടത്തിയ ഈ പ്രസ്താവന ജീവനക്കാരെ മോശമായി ചിത്രീകരിക്കാനും അവരുടെ ആത്മവീര്യം തകര്‍ക്കാനും മാത്രമേ ഉപകരിക്കൂ എന്ന് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി കെ സജില്‍ ബാബു അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി കെ കൈരളി ദാസ്,സംസ്ഥാന സെക്രട്ടറി കെ സന്തോഷ്,എന്‍ സി സതീഷ് കുമാര്‍,ടി ദേവിക എന്നിവര്‍ സംസാരിച്ചു.