തമിഴ്നാട് സ്വദേശിയെ ഇടിച്ച പിക്കപ്പ് വാൻ കണ്ടെത്തി
തൃശൂർ: കുന്നംകുളത്ത് തമിഴ്നാട് സ്വദേശിയെ ഇടിച്ച പിക്കപ്പ് വാൻ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടേതാണ് വാഹനം. കുന്നംകുളം മീൻ മാർക്കറ്റിലേക്ക് പോകും വഴി KL 48 F 1176 നമ്പറിലെ വാനാണ് അപകടമുണ്ടാക്കിയത്. വാനിന് തൊട്ടു പിന്നാലെ വന്ന സ്വിഫ്റ്റ് ബസ് ഇയാളുടെ കാലിൽ കയറി ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രണ്ട് കാലിലും ബസുകൾ കയറി ഇറങ്ങിയിട്ടുണ്ട്.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാൻ റോഡ് മുറിച്ചുകടക്കുന്നിതിനിടെയാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടമുണ്ടാക്കിയെന്ന തരത്തിലായിരുന്നു വിഷയത്തിൽ ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വാൻ ആണ് പരസ്വാമിയെ ഇടിച്ചതെന്ന് വ്യക്തമായി.
ഏപ്രിൽ 11ന് ഫ്ലാഗ് ഓഫ് ചെയ്ത് സർവീസ് ആരംഭിച്ചതിന് പിന്നാലെ കെ സിഫ്റ്റ് അപകടങ്ങളുടെ പേരിൽ നിരന്തരം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. നാലിലധികം തവണയാണ് ഇതിനോടകം കെ സ്വിഫ്റ്റ് അപകടത്തിൽ പെട്ടത്. ഇന്നലെ കെഎസ് 041 ബസ് കോട്ടയ്ക്കലിന് അടുത്ത് വച്ച് തടി ലോറിയെ കയറ്റത്തിൽ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ പെട്ട ബസ് ഓടിച്ച ഡ്രൈവർമാർക്കെതിരെ ഇതിന് പിന്നാലെ നടപടിയും സ്വീകരിച്ചിരുന്നു.
രണ്ട് ഡ്രൈവർമാരെ ഇതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവിച്ചതിൽ ഡ്രൈവർമാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിൽ ആണ് നടപടി. ഇന്ന് താമരശേരി ചുരത്തിലും കെ സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടുണ്ട്.