പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചേക്കും
ന്യൂഡൽഹി: തീവ്ര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചേക്കുമെന്ന് സൂചന.
കഴിഞ്ഞയാഴ്ച രാമനവമി സമയത്ത് ഇന്ത്യയുടെ ചില ഭാഗങ്ങളിൽ നടന്ന അക്രമങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കും കാരണക്കാരായി ആരോപിക്കപ്പെട്ടതിനെ തുടർന്നാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) കേന്ദ്ര സർക്കാർ ഉടൻ നിരോധിക്കാൻ ഒരുങ്ങുന്നതെന്നാണ് വിവരം.
ഈയാഴ്ച സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. നിരോധനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും വിജ്ഞാപനം ഉടൻ പുറത്തിറക്കാൻ സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഇസ്‌ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഇതിനകം പല സംസ്ഥാനങ്ങളിലും നിരോധിച്ചിട്ടുണ്ട്, എന്നാൽ കേന്ദ്ര വിജ്ഞാപനത്തിലൂടെ ഈ സംഘടനയെ നിരോധിക്കാനാണ് സർക്കാർ ഇപ്പോൾ പദ്ധതിയിടുന്നത്.
ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രാമനവമി ഘോഷയാത്രയ്ക്കിടെ കഴിഞ്ഞ വാരാന്ത്യത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഏപ്രിൽ 14 ന് മധ്യപ്രദേശ് ബിജെപി അധ്യക്ഷൻ വി ഡി ശർമ്മ, ഖാർഗോണിലെ തീവെപ്പിനും കല്ലേറിനും പോപ്പുലർ ഫ്രണ്ട് ഫണ്ട് നൽകിയെന്ന് ആരോപിച്ചിരുന്നു. അക്രമ സംഭവങ്ങളെത്തുടർന്ന് പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ബിജെപി യുവമോർച്ച മേധാവി തേജസ്വി സൂര്യയും പോപ്പുലർ ഫ്രണ്ട് വർഗീയ സംഘർഷം പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ കരൗലിയിൽ കല്ലേറുണ്ടായ സ്ഥലത്തേക്ക് പോകുന്നത് നിർത്തിവെച്ചതായി സൂര്യ പറഞ്ഞു: “പിഎഫ്‌ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) പോലെ ഞങ്ങളുടെ കൈകളിൽ ആയുധങ്ങളോ കല്ലുകളോ ഉണ്ടായിരുന്നില്ല. യാത്ര പൂർത്തിയാക്കാനും ഇരകൾക്ക് നീതി ലഭിക്കുമെന്നുമാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.